ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ അവസാന മേൽപ്പാലവും തുറന്നു; കാത്തിരിപ്പ് സമയം 12 മിനിറ്റിൽ നിന്ന് 90 സെക്കൻഡായി ചുരുങ്ങും

Dubai bridge opening; ദുബായിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ വേൾഡ് ട്രേഡ് സെന്റർ (DWTC) ജങ്ഷനിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമായി അവസാന പാലവും തുറന്നുകൊടുത്തു. 69.6 കോടി ദിർഹം (696 മില്യൺ ദിർഹം) ചെലവിൽ നടപ്പാക്കിയ വൻ വികസന പദ്ധതിയുടെ ഭാഗമായുള്ള അവസാന മേൽപ്പാലം തുറന്നതോടെ, ഇവിടെ വാഹനങ്ങളുടെ ശരാശരി കാത്തിരിപ്പ് സമയം 12 മിനിറ്റിൽ നിന്ന് വെറും 90 സെക്കൻഡായി കുറയും. വർഷങ്ങളായി നിലനിന്നിരുന്ന വേൾഡ് ട്രേഡ് സെന്ററിലെ അണ്ഡാകൃതിയിലുള്ള റൗണ്ട് എബൗട്ട് പൂർണ്ണമായും നീക്കം ചെയ്ത്, പകരം അഞ്ച് മേൽപ്പാലങ്ങളും ഉപരിതല ജങ്ഷനും ഉൾപ്പെടുന്ന വിപുലമായ സംവിധാനമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

പദ്ധതിയിലെ അവസാന ഘട്ടമായ 1,000 മീറ്റർ നീളമുള്ള ഇരുവരി മേൽപ്പാലമാണ് തുറന്നത്. അൽ മജ്‌ലിസ് സ്ട്രീറ്റിൽ നിന്ന് സെക്കൻഡ് ഡിസംബർ സ്ട്രീറ്റിലേക്ക് പോകുന്ന വാഹനങ്ങൾക്കായുള്ള ഈ പാലത്തിലൂടെ മണിക്കൂറിൽ ഏകദേശം 3,000 വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. പഴയ റൗണ്ട് എബൗട്ടിന് പകരമായി പുതിയ റോഡുകൾ, ഫ്ലൈഓവറുകൾ, വിവിധ എക്സിറ്റുകൾ എന്നിവയുടെ വലിയൊരു ശൃംഖല തന്നെ ഇവിടെ നിലവിൽ വന്നു. വാഹനങ്ങൾ ഒരിടത്ത് വട്ടംചുറ്റുന്നതിന് പകരം, വ്യത്യസ്ത ദിശകളിലേക്ക് പോകുന്ന വാഹനങ്ങളെ മുൻകൂട്ടി തന്നെ തിരിച്ചുവിടുന്ന രീതിയിലാണ് റോഡ് പുനർനിർമ്മിച്ചിരിക്കുന്നത്. അതിനാൽ, പുതിയ റൂട്ടുകളിലൂടെ യാത്ര ചെയ്യുമ്പോൾ ഡ്രൈവർമാർ ദിശാബോർഡുകൾ മുൻകൂട്ടി കണ്ട് ശരിയായ ട്രാക്കുകൾ നേരത്തെ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

പുതിയ റോഡ് സംവിധാനം വന്നതോടെ ജങ്ഷനിലെ ഗതാഗതം കൂടുതൽ ചിട്ടയുള്ളതായി മാറിയെന്ന് സ്ഥിരം യാത്രക്കാർ അഭിപ്രായപ്പെടുന്നു. പഴയ ഡ്രൈവിംഗ് ശീലങ്ങൾ മാറ്റിവെച്ച്, എക്സിറ്റുകൾ തിരഞ്ഞെടുക്കുന്നതിൽ ഡ്രൈവർമാർ തുടക്കത്തിൽ അല്പം ജാഗ്രത പാലിക്കേണ്ടതുണ്ടെങ്കിലും, ഇത് ദിവസേനയുള്ള യാത്രാസമയം വൻതോതിൽ ലാഭിക്കാൻ സഹായിക്കുമെന്നാണ് യാത്രക്കാരുടെ വിലയിരുത്തൽ.

അഞ്ച് പാലങ്ങൾ, മൂന്ന് പ്രധാന പാതകൾ

  • ആകെ 5,000 മീറ്റർ നീളമുള്ള അഞ്ച് പാലങ്ങളാണ് മൂന്ന് പ്രധാന കണക്ഷനുകളിലായി ഇവിടെ പൂർത്തിയായിരിക്കുന്നത്:
  • ഷെയ്ഖ് സായിദ് റോഡ് – ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്: ദേര ഭാഗത്തേക്ക് പോകുന്നവർക്കായി 1,000 മീറ്റർ നീളമുള്ള ഇരുവരി പാലം (മണിക്കൂറിൽ 3,000 വാഹന ശേഷി).
  • ഷെയ്ഖ് റാഷിദ് സ്ട്രീറ്റ് – സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്: ആകെ 2,000 മീറ്റർ നീളത്തിൽ രണ്ട് പാലങ്ങൾ. ഇരുവശങ്ങളിലേക്കും രണ്ട് വരികൾ വീതം (മണിക്കൂറിൽ 6,000 വാഹന ശേഷി). ഇത് ദേര, സത്വ, ജുമൈറ ഭാഗങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കും.
  • അൽ മജ്‌ലിസ് സ്ട്രീറ്റ് – സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്: ആകെ 2,000 മീറ്റർ നീളത്തിൽ രണ്ട് പാലങ്ങൾ. ഇരുവശങ്ങളിലേക്കും രണ്ട് വരികൾ വീതം (മണിക്കൂറിൽ 6,000 വാഹന ശേഷി).

അൽ സത്വ, ജുമൈറ, വേൾഡ് ട്രേഡ് സെന്റർ മേഖലകളിലേക്ക് പോകുന്നവർക്ക് ഈ പുതിയ പാതകൾ വലിയ അനുഗ്രഹമാണ്. അൽ മജ്‌ലിസ് സ്ട്രീറ്റ് വഴി അൽ മുസ്തഖ്ബൽ സ്ട്രീറ്റിലേക്കും, അവിടെ നിന്ന് ഡിഡബ്ല്യുടിസി, ഡിഐഎഫ്‌സി (DIFC) എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശിക്കാം. അഞ്ച് ലക്ഷത്തിലധികം താമസക്കാർക്കും സന്ദർശകർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി. സബീൽ, അൽ സത്വ, അൽ കറാമ, അൽ ജാഫിലിയ, അൽ മൻഖൂൽ തുടങ്ങിയ ജനവാസ മേഖലകളിലുള്ളവർക്കും, ഡിഡബ്ല്യുടിസി, ഡിഐഎഫ്‌സി പരിസരങ്ങളിലെ ഓഫീസുകൾ, ഹോട്ടലുകൾ, എക്സിബിഷൻ സെന്ററുകൾ എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കും ഈ പദ്ധതിയിലൂടെ നഗരത്തിലെ ഏറ്റവും സുഗമമായ യാത്രാനുഭവമായിരിക്കും ഇനി ലഭിക്കുക. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version