
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നവംബർ 14 വരെ റദ്ദാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളെയാണ് തീരുമാനം പ്രധാനമായും ബാധിക്കുന്നത്. ഇതോടെ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യാനിരുന്ന പ്രവാസികൾക്ക് യാത്രാ പദ്ധതികൾ പുനഃക്രമീകരിക്കേണ്ടിവരും.
ഒക്ടോബർ 30-നോ അതിനു മുമ്പോ ടിക്കറ്റ് ബുക്ക് ചെയ്ത നവംബർ 14 വരെയുള്ള യാത്രക്കാർക്ക് അധിക നിരക്കോ പിഴയോ നൽകാതെ ഒരുതവണ യാത്രാ തീയതി മാറ്റാൻ അവസരമുണ്ട്. ലഭ്യതയ്ക്ക് അനുസരിച്ച് നവംബർ 29 വരെയുള്ള സർവീസുകളിലേക്ക് ടിക്കറ്റ് മാറ്റി നൽകും.
യാത്ര റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ടായി ലഭിക്കും. എയർ ഇന്ത്യ യാത്രക്കാർക്ക് സൗദിയിൽ സർവീസ് തുടരുന്ന മറ്റ് കേന്ദ്രങ്ങളിലേക്ക് ടിക്കറ്റ് മാറ്റാനും സൗകര്യമുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് സൗദിയിലെയും ബഹ്റൈനിലെയും ലഭ്യമായ മറ്റ് കേന്ദ്രങ്ങളിലേക്ക് യാത്ര പുനഃക്രമീകരിക്കാം. യാത്രാ തടസ്സം നേരിടുന്നവർ ടിക്കറ്റ് മാറ്റുന്നതിനോ റീഫണ്ട് നേടുന്നതിനോ ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ ഔദ്യോഗിക ചാനലുകൾ വഴി ബന്ധപ്പെടണം.