അനധികൃത അറവുശാലകളിൽ മിന്നൽ പരിശോധന: പ്രവാസികള്‍ കുവൈത്തിൽ പിടിയിൽ; കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കുവൈത്ത് സിറ്റി: ജഹ്റ ഗവർണറേറ്റിലെ ബാർ റഹ്യ മേഖലയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത അറവുശാലകൾ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം കണ്ടുകെട്ടി. സംഭവത്തിൽ മൂന്ന് ബംഗ്ലാദേശ് പൗരന്മാരെ ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ നിയമങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പൂർണ്ണമായും ലംഘിച്ചുകൊണ്ട്, യാതൊരുവിധ ആരോഗ്യ പരിശോധനകളോ ലൈസൻസോ ഇല്ലാതെയാണ് ആവശ്യക്കാർക്ക് അനുസരിച്ച് ഇവർ കന്നുകാലികളെ അറവ് നടത്തിയിരുന്നത്. മൃഗങ്ങളെ പാർപ്പിക്കുന്ന കേന്ദ്രങ്ങളും ക്യാമ്പുകളും കേന്ദ്രീകരിച്ച് അനധികൃത അറവുശാലകൾ പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാസേനയുടെ പരിശോധന. രോഗം ബാധിച്ചതും അല്ലാത്തതുമായ മൃഗങ്ങളെ യാതൊരു പരിശോധനയുമില്ലാതെ ഇവർ അറവിനായി സ്വീകരിച്ചിരുന്നു. കന്നുകാലികളുമായി ഒരു വാഹനം എത്തുകയും അവയെ അറവിനായി ഇറക്കുകയും ചെയ്ത സമയം നോക്കി ഉദ്യോഗസ്ഥർ ആദ്യ കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തി രണ്ട് പ്രതികളെ പിടികൂടി. അറവുശാലയ്ക്കുള്ളിൽ ഈച്ചകളും എലികളും പെരുകിയ നിലയിലായിരുന്നു. നിയമവിരുദ്ധ ഇടപാടിലൂടെ ലഭിച്ച പണവും ഉദ്യോഗസ്ഥർ സ്ഥലത്തുനിന്നും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനൊടുവിൽ തൊട്ടടുത്ത് പ്രവർത്തിച്ചിരുന്ന രണ്ടാമത്തെ അനധികൃത അറവുശാലയും സംഘം കണ്ടെത്തുകയും മൂന്നാമത്തെ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജഹ്റ ഗവർണറേറ്റ് മുൻസിപ്പാലിറ്റിയുമായി സഹകരിച്ചായിരുന്നു സുരക്ഷാ വിഭാഗത്തിന്റെ ഓപ്പറേഷൻ. അനധികൃതമായി നിർമ്മിച്ച താൽക്കാലിക ഷെഡ്ഡുകളും ഇരുമ്പ് വേലികളും ഉടൻ തന്നെ പൊളിച്ചുനീക്കുമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ മൂന്ന് പ്രതികൾക്കെതിരെയും ആവശ്യമായ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും, തുടർ നടപടികൾക്കായി ഇവരെ ബന്ധപ്പെട്ട പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version