
റോഡിൽ വാഹനം മുന്നിലേക്ക് കയറ്റിയതിനെച്ചൊല്ലിയുണ്ടായ തർക്കം കയ്യാങ്കളിയിലേക്കും ആക്രമണശ്രമത്തിലേക്കും. ഫഹഹീൽ എക്സ്പ്രസ്‌വേയിലെ അബു ഹലീഫ പ്രവേശന കവാടത്തിലാണ് രണ്ട് ഡ്രൈവർമാർ തമ്മിൽ സംഘർഷമുണ്ടായത്. തർക്കത്തിനിടെ ഒരാൾ പേന ഉപയോഗിച്ച് മറ്റേ ഡ്രൈവറെ കുത്താൻ ശ്രമിച്ചതായാണ് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചത്.
മറ്റൊരു വാഹനം പെട്ടെന്ന് മുന്നിലേക്ക് കയറിയത് അപകടത്തിന് കാരണമാകുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഒരു ഡ്രൈവർ പ്രതിഷേധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ ഇരുവരും വാഹനങ്ങൾ നിർത്തി പുറത്തിറങ്ങി. ഇതിനിടെ മറ്റൊരു ഡ്രൈവർ പരാതിക്കാരനെ അസഭ്യം പറയുകയും പ്രകോപനപരമായി കാറിന്റെ ഡോറിൽ ഇടിക്കുകയും ചെയ്തു.
സംഘർഷം രൂക്ഷമായതോടെ പ്രതി പരാതിക്കാരന്റെ കാറിന്റെ ജാലകത്തിലൂടെ കൈയിട്ട് കൈവശമുണ്ടായിരുന്ന പേന ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ പരാതിക്കാരൻ സമയോചിതമായി പ്രതിയുടെ കൈയിൽ പിടിച്ച് ആക്രമണം തടഞ്ഞതിനാൽ പരിക്കേൽക്കുന്നത് ഒഴിവായി.
സംഭവത്തിൽ അഹ്മദി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും റോഡുകളിൽ അക്രമാസക്തമായ പെരുമാറ്റം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.