യുഎഇ: മകളെ തിരിച്ചെത്തിച്ചില്ലെങ്കിൽ 68 ലക്ഷം രൂപ പിഴ, അമ്മയ്ക്ക് മുന്നിൽ ഇനി മൂന്ന് മാസത്തെ സമയപരിധി

അനുവദിച്ച യാത്രാ കാലാവധി കഴിഞ്ഞിട്ടും നാല് വയസ്സുകാരിയായ മകളെ ഫിലിപ്പീൻസിൽനിന്ന് യുഎഇയിൽ തിരിച്ചെത്തിക്കാത്ത അമ്മയ്ക്ക് 3 ലക്ഷം ദിർഹം പിഴ വിധിച്ച് അബുദാബി കോടതി. ഏകദേശം 68 ലക്ഷം ഇന്ത്യൻ രൂപ വരുന്ന പിഴ, കുട്ടിയെ യുഎഇയിൽ തിരിച്ചെത്തിക്കുന്നതോടെ റദ്ദാക്കപ്പെടും. ഒക്ടോബർ 20-ന് പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കുട്ടിയെ യുഎഇയിൽ തിരിച്ചെത്തിക്കാൻ അമ്മയ്ക്ക് മൂന്ന് മാസത്തെ സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഈ സമയപരിധിക്കുള്ളിൽ മകളെ തിരികെ കൊണ്ടുവന്നില്ലെങ്കിൽ, നിലവിലുള്ള സംയുക്ത കസ്റ്റഡി ക്രമീകരണം മാറ്റി കുട്ടിയുടെ പൂർണ കസ്റ്റഡി ആവശ്യപ്പെട്ട് പിതാവിന് കോടതിയെ സമീപിക്കാം. പിതാവിന്റെ അഭിഭാഷകൻ ബൈറൺ ജെയിംസാണ് കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയത്.

വിധിക്കെതിരെ അപ്പീൽ നൽകാൻ അമ്മയ്ക്ക് 30 ദിവസത്തെ സമയമുണ്ട്. എന്നാൽ അപ്പീൽ നൽകാനുള്ള അവസരമുണ്ടെങ്കിലും നിലവിലെ പിഴ ഉത്തരവ് നടപ്പാക്കാവുന്നതാണ്. അമ്മയെ ശിക്ഷിക്കുക എന്നതിലുപരി കോടതി നിർദേശങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുകയാണ് ഇത്രയും വലിയ പിഴ ചുമത്തിയതിന്റെ ലക്ഷ്യമെന്നും അഭിഭാഷകൻ വിശദീകരിച്ചു.

2023 ജൂണിലാണ് പിതാവിന് മാസത്തിൽ രണ്ടുതവണ ചൈൽഡ് വിസിറ്റേഷൻ സെന്ററിൽ മകളെ കാണാൻ അബുദാബി സിവിൽ ഫാമിലി കോടതി അനുമതി നൽകിയത്. പിന്നീട് 2026 ജൂലൈയിൽ സന്ദർശനസമയം എട്ട് മണിക്കൂറായി വർധിപ്പിക്കുകയും കുട്ടിയുമായി സെന്ററിന് പുറത്തുപോകാൻ പിതാവിന് അനുമതി നൽകുകയും ചെയ്തു.

ഇതിനുപിന്നാലെ ഓഗസ്റ്റ് 7 മുതൽ 21 വരെ മകളുമായി ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്യാൻ അമ്മയ്ക്ക് കോടതി അനുമതി നൽകി. എന്നാൽ ഓഗസ്റ്റ് 12-ന് യാത്രതിരിച്ച അമ്മ നിശ്ചയിച്ച സമയത്തിനുള്ളിൽ കുട്ടിയുമായി യുഎഇയിലേക്ക് മടങ്ങിയെത്തിയില്ല. ഇതോടെ കുട്ടിയുടെ യുഎഇയിലെ സ്കൂൾ വിദ്യാഭ്യാസവും മുടങ്ങുന്ന സാഹചര്യമുണ്ടായി. തുടർന്നാണ് പിതാവ് നിയമനടപടികളുമായി മുന്നോട്ടുപോയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version