
മകന് കോളേജിൽ പ്രവേശനം ഉറപ്പാക്കാമെന്ന് വിശ്വസിപ്പിച്ച് പിതാവിൽ നിന്ന് 1.515 ദശലക്ഷം ദിർഹം (ഏകദേശം 3.4 കോടി രൂപ) തട്ടിയെടുത്ത കേസിൽ പ്രതിക്ക് ആറ് മാസം തടവ്. ഷാർജ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സ്വാധീനമുള്ള വ്യക്തിയാണെന്നും കോളേജ് പ്രവേശനം ശരിയാക്കി നൽകാൻ കഴിയുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പണം കൈപ്പറ്റിയത്. ക്രിമിനൽ കേസിലെ ശിക്ഷയ്ക്കു പുറമെ, നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കൂടുതൽ സാമ്പത്തിക ബാധ്യതകൾ നിർണയിക്കുന്നതിനായി കേസ് സിവിൽ കോടതിയിലേക്കും മാറ്റി. മകന്റെ കോളേജ് പ്രവേശനത്തിന് സഹായിക്കാമെന്ന് പറഞ്ഞ് ആദ്യം 70,000 ദിർഹമാണ് പ്രതി ആവശ്യപ്പെട്ടത്. ഷാർജയിലെ ഒരു ഷോപ്പിങ് സെന്ററിൽ വെച്ച് മകൻ നേരിട്ട് ഈ തുക കൈമാറി.
പിന്നീട് ഒരു ഹോട്ടലിൽ പിതാവിനെ കണ്ട പ്രതി, ഒന്നാം വർഷത്തെ പഠനച്ചെലവിനായി 445,000 ദിർഹവും ബിസിനസ് നിക്ഷേപത്തിനായി ഒരു ദശലക്ഷം ദിർഹവും വേണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് അടുത്ത ദിവസം 1.445 ദശലക്ഷം ദിർഹം കൂടി കൈമാറി. ഇതോടെ പ്രതിക്ക് നൽകിയ ആകെ തുക 1.515 ദശലക്ഷം ദിർഹമായി. എന്നാൽ പണം കൈപ്പറ്റിയിട്ടും വാഗ്ദാനം ചെയ്ത കോളേജ് പ്രവേശനം ഒരുക്കാൻ പ്രതിക്ക് കഴിഞ്ഞില്ല. നൽകിയ പണം തിരിച്ചുനൽകാനും ഇയാൾ തയ്യാറായില്ല. ബാങ്ക് ഇടപാടിലൂടെ പണം നൽകിയാൽ തെളിവ് ലഭിക്കുമെന്ന കാരണം പറഞ്ഞ് മുഴുവൻ തുകയും പണമായി നൽകണമെന്ന് പ്രതി ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. സ്വന്തം കാറിനുള്ളിൽ വെച്ചാണ് ഇയാൾ പണം കൈപ്പറ്റിയത്.
എന്നാൽ പണം കൈമാറിയതുമായി ബന്ധപ്പെട്ട ഫോൺ സന്ദേശങ്ങളും വാട്ട്സ്ആപ്പ് ചാറ്റുകളും സാക്ഷിമൊഴികളും അഭിഭാഷകൻ കോടതിയിൽ തെളിവായി സമർപ്പിച്ചു. പ്രതിയുമായി ബന്ധമുള്ള ഒരു സ്ത്രീയും ഇയാൾ പണം സ്വീകരിച്ചതായി കോടതിയിൽ മൊഴി നൽകി. ലഭ്യമായ രേഖകളും മൊഴികളും മറ്റ് തെളിവുകളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ആറ് മാസം തടവ് ശിക്ഷ വിധിച്ചത്. കോളേജ് പ്രവേശനമോ മറ്റ് സേവനങ്ങളോ വാഗ്ദാനം ചെയ്ത് അജ്ഞാതരായ വ്യക്തികൾക്ക് വൻതുക കൈമാറുന്നതിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t