​Air India Saudi flight cancellations; ഗൾഫിലേക്കുള്ള സർവ്വീസുകൾ റദ്ദാക്കിയത് ഒക്ടോബർ 20 വരെ നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

Air India Saudi flight cancellations; പശ്ചിമേഷ്യയിലെ സുരക്ഷാ ആശങ്കകളെയും വ്യോമഗതാഗത തടസ്സങ്ങളെയും തുടർന്ന് സൗദി അറേബ്യയിലെ മൂന്ന് പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് ഒക്ടോബർ 20 വരെ നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് നീട്ടിയത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും സർവീസുകൾ സുരക്ഷിതമായി പുനരാരംഭിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തിയ ശേഷമേ സാധാരണ നിലയിലാകൂ എന്നും എയർ ഇന്ത്യ അറിയിച്ചു. വിമാനം റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് മുഴുവൻ ടിക്കറ്റ് തുകയും തിരികെ നൽകുമെന്നും കമ്പനി വ്യക്തമാക്കി. സാഹചര്യങ്ങൾ വിലയിരുത്തി ഒക്ടോബർ 20 വരെ സർവീസുകൾ റദ്ദാക്കിയതായി ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു. സർവീസ് റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് അധിക ചാർജുകളൊന്നുമില്ലാതെ യാത്ര മറ്റൊരു തീയതിയിലേക്ക് മാറ്റിവെയ്ക്കാനോ, അല്ലെങ്കിൽ ടിക്കറ്റ് പൂർണമായി റദ്ദാക്കി പണം തിരികെ വാങ്ങാനോ സൗകര്യമുണ്ടാകും. വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപ് യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് യാത്രാ വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് ഇരു വിമാനക്കമ്പനികളും അഭ്യർത്ഥിച്ചു. സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് രാജ്യത്തെ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഒക്ടോബർ 8 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ സൗദിയിൽ നിന്ന് പുറപ്പെടേണ്ട 4,000-ലധികം വിമാനങ്ങളാണ് റദ്ദാക്കുകയോ സർവീസ് നിർത്തിവെക്കുകയോ ചെയ്തത്. വ്യോമയാന ഡാറ്റാ ഏജൻസിയായ ‘സിറിയത്തിന്റെ’ കണക്കുകൾ പ്രകാരം, ഈ എട്ട് ദിവസങ്ങളിൽ ഷെഡ്യൂൾ ചെയ്തിരുന്ന 8,883 വിമാനങ്ങളിൽ 46 ശതമാനത്തോളം സർവീസുകളും മുടങ്ങി. തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത്. ഒക്ടോബർ 15-ന് ഇവിടെനിന്ന് ഷെഡ്യൂൾ ചെയ്തിരുന്ന 366 വിമാനങ്ങളിൽ 298 എണ്ണവും (81 ശതമാനത്തിലധികം) റദ്ദാക്കി. ദമാമിൽ അന്നേദിവസം 131 വിമാനങ്ങളിൽ 60 എണ്ണവും, ജിദ്ദയിൽ 385 വിമാനങ്ങളിൽ 87 എണ്ണവും സർവീസ് നടത്തിയില്ല.

നേരത്തെ, റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ഒക്ടോബർ 17 വരെ നിർത്തിവെച്ചതായി ഒക്ടോബർ 13-ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. ഇതാണ് ഇപ്പോൾ ഒക്ടോബർ 20 വരെ വീണ്ടും നീട്ടിയത്. ആകാശ എയർ, ഇൻഡിഗോ തുടങ്ങിയ മറ്റ് ഇന്ത്യൻ എയർലൈനുകളും സൗദിയിലേക്കുള്ള സർവീസുകൾ നേരത്തെ താത്കാലികമായി നിർത്തിവെച്ചിരുന്നു. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചിട്ടുണ്ട്.

യാത്രക്കാർ ചെയ്യേണ്ടത്

  • എയർ ഇന്ത്യ: വിമാനം റദ്ദാക്കപ്പെട്ട യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ ലഭിക്കും.
  • എയർ ഇന്ത്യ എക്സ്പ്രസ്: യാത്രക്കാർക്ക് സൗജന്യമായി ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യുകയോ അല്ലെങ്കിൽ തുക പൂർണമായി റീഫണ്ട് വാങ്ങുകയോ ചെയ്യാം.

യാത്രയുമായി ബന്ധപ്പെട്ട കൃത്യമായ അറിയിപ്പുകൾ തത്സമയം ലഭിക്കുന്നതിനായി airindiaexpress.com സന്ദർശിച്ച് മൊബൈൽ നമ്പറും ഇമെയിലും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരോട് ആവശ്യപ്പെട്ടു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version