
ഫുട്ബോൾ ഇതിഹാസം ലയണൽ മെസി തന്റെ ആഡംബര യാച്ച് ശേഖരത്തിലേക്ക് പുതിയൊരു അതിഥിയെ കൂടി എത്തിക്കുന്നു. യുഎഇയിലെ റാസ് അൽ ഖൈമയിൽ സൺറീഫ് യാച്ച്സ് നിർമിച്ചുകൊണ്ടിരിക്കുന്ന ULTIMA 88 ആഡംബര പവർ കാറ്റമറാനാണ് മെസി സ്വന്തമാക്കുന്നത്. ഏകദേശം 26.8 മീറ്റർ നീളമുള്ള യാച്ച് പൂർത്തിയായ ശേഷം സ്പെയിനിലെ ബാലിയറിക് ദ്വീപുകൾ കേന്ദ്രീകരിച്ചുള്ള മെസിയുടെ MIM Ocean ഫ്ലീറ്റിന്റെ ഭാഗമാകും. കുടുംബത്തോടൊപ്പം കടലിൽ സമയം ചെലവഴിക്കാൻ കൂടുതൽ സ്വകാര്യതയും സൗകര്യവും ഉറപ്പാക്കുന്ന രീതിയിലാണ് യാച്ചിന്റെ രൂപകൽപ്പന. നാല് ഗസ്റ്റ് ക്യാബിനുകൾക്കൊപ്പം വിശാലമായ മാസ്റ്റർ സ്യൂട്ടും യാച്ചിലുണ്ടാകും. കടലിനോട് നേരിട്ട് ബന്ധിപ്പിക്കുന്ന ‘Ocean Lounge’, വിശ്രമത്തിനും വിനോദത്തിനുമായി വിശാലമായ ഔട്ട്ഡോർ ഏരിയകൾ, വലിയ ഫ്ലൈബ്രിഡ്ജ്, ജെറ്റ് സ്കി സൂക്ഷിക്കാനുള്ള പ്രത്യേക ഗാരേജ് തുടങ്ങിയവയും ഒരുക്കുന്നുണ്ട്.
ശക്തിയിലും കുറവൊന്നുമില്ല. ഇരട്ട 1,000 ഹോഴ്സ്പവർ എൻജിനുകളാണ് യാച്ചിന് കരുത്തേകുക. നീന്തൽ, വാട്ടർ സ്പോർട്സ്, കുടുംബത്തോടൊപ്പമുള്ള സ്വകാര്യ യാത്രകൾ എന്നിവയ്ക്കായി പ്രത്യേകം സൗകര്യങ്ങളും ഇതിലുണ്ടാകും. യുഎഇയിലെ റാസ് അൽ ഖൈമയിൽ തന്നെയാണ് മെസിയുടെ യാച്ചിന്റെ നിർമാണം പുരോഗമിക്കുന്നത്. എന്നാൽ യാച്ചിന്റെ വിലയും ഡെലിവറി തീയതിയും സൺറീഫ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കുടുംബത്തോടൊപ്പം കടലിൽ സമയം ചെലവഴിക്കുന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്നും സൺറീഫിന്റെ ശൈലിയും സൗകര്യങ്ങളും തനിക്ക് ഏറെ അനുയോജ്യമാണെന്നും മെസി പ്രതികരിച്ചു.
റാഫേൽ നദാൽ, കാർലോസ് അൽകാരസ്, റോബർട്ട് ലെവൻഡോവ്സ്കി, ഫെർണാണ്ടോ അലോൺസോ തുടങ്ങിയ പ്രമുഖ കായികതാരങ്ങൾക്കൊപ്പമാണ് മെസിയും ഇനി സൺറീഫിന്റെ ഉടമകളുടെ പട്ടികയിൽ ഇടംപിടിക്കുന്നത്.