Abu Dhabi cafeteria closed; മാനദണ്ഡങ്ങൾ പാലിച്ചില്ല; അബുദാബിയിലെ കഫറ്റീരിയയ്ക്ക് പൂട്ടുവീണു

Abu Dhabi cafeteria closed; ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചതിനെ തുടർന്ന് അബുദാബി ഖാലിദിയ്യയിലെ കഫറ്റീരിയയുടെ പ്രവർത്തനം അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി താൽക്കാലികമായി നിർത്തിവെപ്പിച്ചു. ‘ലെറ്റ്സ് ടോക്ക് റിസ് കോർണർ കഫേ – എൽഎൽസി’ എന്ന സ്ഥാപനത്തിനെതിരെയാണ് പൊതുജനാരോഗ്യത്തിന് ഭീഷണി ഉയർത്തിയെന്ന കാരണത്താൽ ഭരണപരമായ അടച്ചുപൂട്ടൽ ഉത്തരവ് പുറപ്പെടുവിച്ചത്. സിഎൻ-2585722 എന്ന കൊമേഴ്‌സ്യൽ ലൈസൻസിൽ പ്രവർത്തിക്കുന്ന ഈ കഫറ്റീരിയ, അബുദാബിയിലെ ഭക്ഷ്യകാര്യങ്ങളുമായി ബന്ധപ്പെട്ട 2008-ലെ രണ്ടാം നമ്പർ നിയമവും അനുബന്ധ ചട്ടങ്ങളും ലംഘിച്ചതായി അധികൃതർ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വീഴ്ചകൾ തുടർച്ചയായി ശ്രദ്ധയിൽപ്പെട്ടിട്ടും ഇവ പരിഹരിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് ഉപഭോക്താക്കളുടെ ആരോഗ്യസുരക്ഷ മുൻനിർത്തി സ്ഥാപനം അടിയന്തരമായി പൂട്ടിക്കാൻ അതോറിറ്റി ഉത്തരവിട്ടത്. ചൂണ്ടിക്കാണിച്ച ന്യൂനതകൾ പൂർണമായി പരിഹരിച്ച് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതുവരെ സ്ഥാപനത്തിന് പ്രവർത്തിക്കാനാകില്ല. വീഴ്ചകൾ പരിഹരിച്ച് പരിശോധനയിലൂടെ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ വീണ്ടും തുറക്കാൻ അനുമതി നൽകുകയുള്ളൂവെന്ന് അഡാഫ്സ വ്യക്തമാക്കി. എമിറേറ്റിലെ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ നിരന്തര പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു. ഏതെങ്കിലും ഭക്ഷ്യ സ്ഥാപനങ്ങളിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരത്തിൽ സംശയം തോന്നുകയോ ചെയ്താൽ അബുദാബി സർക്കാരിന്റെ 800555 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് വിവരമറിയിക്കണമെന്ന് പൊതുജനങ്ങളോട് അതോറിറ്റി അഭ്യർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version