കുവൈറ്റിൽ മാർക്കറ്റിൽ  വിൽക്കാൻ വെച്ചത് 773 കിലോ പഴകിയ മീൻ; ആറ് പേർ അറസ്റ്റിൽ

അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ അൽ-കൂട്ട് മാളിലെ മീൻ മാർക്കറ്റിലും പടക് ഹാർബറിലും നടത്തിയ സംയുക്ത പരിശോധനയിൽ 773 കിലോ ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ മീൻ പിടിച്ചെടുത്തു നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും നിയമലംഘകരെ കണ്ടെത്തുന്നതിനുമായി വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പരിശോധന നടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന് പുറമെ കോസ്റ്റ് ഗാർഡ്, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, മാൻപവർ അതോറിറ്റി, വാണിജ്യ-വ്യവസായ മന്ത്രാലയം, പരിസ്ഥിതി അതോറിറ്റി, എൻവയോൺമെന്റൽ പോലീസ് എന്നിവ സംയുക്തമായാണ് മിന്നൽ പരിശോധന പൂർത്തിയാക്കിയത്.

മാർക്കറ്റിൽ നിന്ന് പിടിച്ചെടുത്ത പഴകിയ മീൻ നശിപ്പിക്കുകയും ഇതിന് ഉത്തരവാദിയായ വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. ലഹരി ഉപയോഗിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പേരെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.

കൂടാതെ, റെസിഡൻസി വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് നിയമവിരുദ്ധമായി തുടരുകയായിരുന്ന രണ്ട് പേരെയും അറസ്റ്റ് ചെയ്തു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി വരും ദിവസങ്ങളിലും കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ശക്തമായ പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *