
ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ കോപൈലറ്റ് നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. വിമാനം തകർക്കാനുള്ള പദ്ധതി ഫ്ലൈദുബായിൽ ജോലി ലഭിക്കുന്നതിന് മുമ്പുതന്നെ ഇയാൾ ആസൂത്രണം ചെയ്തിരുന്നതായാണ് അന്വേഷണവുമായി ബന്ധപ്പെട്ട ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട FZ1073 വിമാനത്തിലായിരുന്നു സംഭവം. വിമാനത്തിൽ 170ലേറെ യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്നു. യാത്രയ്ക്കിടെ ഒമാനി കോപൈലറ്റ് ഹമാം അൽ ഹമ്മാമി ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ കോക്പിറ്റിലെ അടിയന്തരാവസ്ഥാ ഉപകരണം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതോടെ വലിയ ദുരന്തത്തിനുള്ള സാധ്യത ഉയർന്നു.
പരുക്കേറ്റ ക്യാപ്റ്റന് കോക്പിറ്റ് വാതിൽ തുറക്കാൻ കഴിഞ്ഞതോടെ യാത്രക്കാരും ജീവനക്കാരും അകത്തേക്ക് പ്രവേശിച്ച് ആക്രമണകാരിയെ കീഴടക്കി. വിമാനത്തിലുണ്ടായിരുന്ന രണ്ട് റിസർവ് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്തതിനെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തി. അന്വേഷണത്തിൽ, ബെൻ ഗുറിയോൻ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചിറക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ഒരു ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. നേരത്തെയും ടെൽ അവീവിലേക്കുള്ള ഒരു വിമാനത്തിൽ സമാനമായ ആക്രമണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നെങ്കിലും അത് നടപ്പാക്കിയില്ലെന്നും അന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഇയാളുടെ ആക്രമണത്തിന് പിന്നിലെ കൃത്യമായ ഉദ്ദേശ്യം, മറ്റാരുടെയെങ്കിലും സഹായമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. ഇയാൾ ഒറ്റയ്ക്കാണ് പ്രവർത്തിച്ചതെന്നതാണ് നിലവിലെ പ്രധാന അന്വേഷണ വിലയിരുത്തലെന്ന് CBS റിപ്പോർട്ട് ചെയ്യുന്നു. ഒമാനിൽ നേരത്തെ സുരക്ഷാ ആശങ്കകളുടെ പേരിൽ ഇയാൾക്ക് വിമാനമോടിക്കുന്നതിന് വിലക്കുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഈ മുന്നറിയിപ്പുകൾ മറ്റ് രാജ്യങ്ങളിലേക്കോ വിമാനക്കമ്പനികളിലേക്കോ കൈമാറിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ ഇപ്പോഴും അന്വേഷണത്തിലാണ്. സംഭവത്തിൽ യുഎഇ അന്വേഷണം തുടരുകയാണ്. ആക്രമണത്തിന്റെ സാഹചര്യം, ഉദ്ദേശ്യം, മുൻകൂട്ടിയുള്ള ആസൂത്രണം, മറ്റാരുടെയെങ്കിലും ബന്ധം എന്നിവ ഉൾപ്പെടെ വിശദമായി പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t