
കുവൈത്തിലെ അബൂഹലീഫയിൽ നായ്ക്കളുടെ കൂട്ടം വളഞ്ഞതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച കണ്ണൂർ സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്. സംഭവത്തിനിടെ താഴെ വീണാണ് ഇടത് കൈയ്ക്ക് പൊട്ടലുണ്ടായത്. അബൂഹലീഫ റൗണ്ട്എബൗട്ടിന് സമീപം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. റോഡിലൂടെ നടന്നുപോകുന്നതിനിടെ ഒരു കൂട്ടം നായ്ക്കൾ യുവാവിനെ വളയുകയായിരുന്നു. നായ്ക്കൾ കുരച്ച് ആക്രമിക്കാൻ ഒരുങ്ങിയതോടെ ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് കൈ കുത്തി താഴെ വീണത്. യുവാവിന്റെ ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന ചിലർ ഓടിയെത്തിയതോടെയാണ് നായ്ക്കൾ അവിടെനിന്ന് മാറിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഇടത് കൈയിൽ രണ്ട് പൊട്ടലുകൾ ഉള്ളതായി കണ്ടെത്തിയത്. താൽക്കാലികമായി പ്ലാസ്റ്റർ ഇട്ടെങ്കിലും ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിച്ചു.
അബൂഹലീഫയിലും മെഹബൂലയിലും നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും യുവാവ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും കുവൈത്തിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.
നായ്ക്കൾ കൂട്ടമായി കാണപ്പെടുന്ന സ്ഥലങ്ങളെക്കുറിച്ച് 112 എന്ന അടിയന്തര സേവന നമ്പറിൽ വിവരം അറിയിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. പരാതി നൽകുമ്പോൾ കൃത്യമായ സ്ഥലം കൂടി അറിയിക്കണമെന്നും നിർദേശമുണ്ട്. വിവരം ലഭിച്ചാൽ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കും.