
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായ അപ്രതീക്ഷിത
സംഘർഷം യാത്രക്കാരെ ഭീതിയിലാഴ്ത്തി. FZ1073 വിമാനത്തിന്റെ കോക്പിറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറും ഒമാൻ സ്വദേശിയായ സഹപൈലറ്റും തമ്മിലാണ് ഗുരുതരമായ സംഘർഷമുണ്ടായത്. സംഭവത്തിനിടെ ക്യാപ്റ്റന് കുത്തേറ്റതായാണ് റിപ്പോർട്ടുകൾ. വിമാനം ഏകദേശം 34,000 അടി ഉയരത്തിൽ പറക്കുന്നതിനിടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. സംഘർഷത്തിനിടെ വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുകയും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഏകദേശം 14,000 അടി താഴേക്ക് കൂപ്പുകുത്തുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ വിമാനത്തിനുള്ളിൽ പരിഭ്രാന്തി പടർന്നു.
ആക്രമണത്തിൽ പരുക്കേറ്റ ക്യാപ്റ്റൻ കോക്പിറ്റ് വാതിൽ തുറക്കാൻ സാധിച്ചതോടെയാണ് യാത്രക്കാരും ജീവനക്കാരും അകത്തേക്ക് എത്തിയത്. തുടർന്ന് ചില യാത്രക്കാരും വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാരും ചേർന്ന് സഹപൈലറ്റിനെ കീഴടക്കുകയും വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്തു. തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽഅസീസ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ക്യാപ്റ്റനും സഹപൈലറ്റിനും വൈദ്യസഹായം നൽകി. ക്യാപ്റ്റൻ സ്മിത് മച്ചാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ നില സ്ഥിരമാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന 174 പേരും പിന്നീട് സുരക്ഷിതരായതായി അധികൃതർ അറിയിച്ചു. യാത്രക്കാരെ ലക്ഷ്യസ്ഥാനമായ ടെൽ അവീവിലെത്തിക്കാൻ ഫ്ലൈദുബായ് പകരം വിമാനം ഏർപ്പെടുത്തി.
സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്. വിമാനം തകർക്കാനുള്ള ശ്രമമായിരുന്നുവെന്ന ആരോപണം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉന്നയിച്ചിട്ടുണ്ടെങ്കിലും, സംഭവത്തിന്റെ മുഴുവൻ സാഹചര്യങ്ങളും അന്വേഷണത്തിലൂടെയാണ് വ്യക്തമാകേണ്ടത്. ഫ്ലൈദുബായിയും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് അറിയിച്ചു. ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരമായ ഇടപെടലിനെ ഇന്ത്യയുടെയും ഇസ്രയേലിന്റെയും നേതാക്കൾ പ്രശംസിച്ചു. യാത്രക്കാരുടെയും മറ്റ് ജീവനക്കാരുടെയും സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കുന്നതിൽ നിർണായകമായതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t