തെരുവുനായകളെ കണ്ട് ഭയപ്പെടേണ്ട; കുവൈത്തിൽ പുതിയ സംവിധാനം വരുന്നു!

രാജ്യത്ത് വർധിച്ചുവരുന്ന തെരുവുനായകളുടെ ശല്യം നിയന്ത്രിക്കാൻ കൂടുതൽ ക്രമബദ്ധമായ നടപടികളുമായി കുവൈത്ത്. തെരുവുനായകൾ കൂട്ടമായി കാണപ്പെടുന്ന പ്രദേശങ്ങൾ കണ്ടെത്തുകയും അവിടെ നിന്നുള്ള പരാതികളിൽ വേഗത്തിൽ ഇടപെടുകയും ചെയ്യുന്നതിനുള്ള നടപടികളാണ് അധികൃതർ ശക്തമാക്കുന്നത്. മൃഗസംരക്ഷണ വിഭാഗം ഡയറക്ടർ മുഹമ്മദ് കമാൽ ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയത്. തെരുവുനായകൾ ഉയർത്തുന്ന പ്രശ്നങ്ങൾ അധികൃതർ ഗൗരവമായി നിരീക്ഷിച്ചുവരികയാണെന്നും സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷ, പൊതുജനാരോഗ്യം, മൃഗക്ഷേമം എന്നിവ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്ന നായകളുള്ള പ്രദേശങ്ങൾക്കാണ് പ്രത്യേക പരിഗണന നൽകുക. താമസ മേഖലകൾ, വ്യവസായ മേഖലകൾ, തുറന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കും. ഇതിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ചായിരിക്കും പ്രവർത്തനം.

തെരുവുനായകളെ കൈകാര്യം ചെയ്യുന്നതിനായി കൂടുതൽ സമഗ്രമായ പദ്ധതി തയ്യാറാക്കുകയാണ് അധികൃതർ. ഇതിന്റെ ഭാഗമായി നായകൾ കൂട്ടമായി കാണപ്പെടുന്ന സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കുക, പ്രശ്നബാധിത മേഖലകൾ തിരിച്ചറിയുക, സ്ഥിരമായ നിരീക്ഷണം ഏർപ്പെടുത്തുക, ലഭിക്കുന്ന പരാതികളിൽ പ്രദേശത്തിന്റെ സാഹചര്യമനുസരിച്ച് വേഗത്തിൽ പ്രതികരിക്കുക തുടങ്ങിയ നടപടികളാണ് പരിഗണിക്കുന്നത്. അതേസമയം, പൊതുസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം മൃഗങ്ങളോടുള്ള കരുതലും പരിഗണിച്ചായിരിക്കും നടപടികളെന്ന് അധികൃതർ വ്യക്തമാക്കി. തെരുവുനായകളുടെ കൂട്ടത്തിന് സമീപത്തേക്ക് പോകാതിരിക്കാനും ആക്രമണ സ്വഭാവമോ അസാധാരണമായ പെരുമാറ്റമോ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ഇടപെടാതിരിക്കാനും പൊതുജനങ്ങൾക്ക് നിർദേശം നൽകി.
പകരം നായകളെ കണ്ട സ്ഥലം ഉൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം. റോഡരികുകളിലും പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഭക്ഷണം ഉപേക്ഷിക്കുന്നതും ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഇത്തരം പ്രവൃത്തികൾ ഒരു പ്രദേശത്ത് തെരുവുനായകൾ കൂട്ടമായി തുടരുന്നതിനും എണ്ണം വർധിക്കുന്നതിനും കാരണമാകാമെന്നാണ് മുന്നറിയിപ്പ്. കുവൈത്തിൽ തെരുവുനായകളെക്കുറിച്ചുള്ള പരാതികൾ സ്വീകരിക്കുന്നതിനായി അധികൃതർ വാട്ട്സ്ആപ്പ് സംവിധാനവും നേരത്തെ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version