
യുഎഇയിലെ ഒരു മലയാളി ദമ്പതികൾ ജീവനക്കാർക്കായി ഒരുക്കിയ അപ്രതീക്ഷിത സമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കമ്പനിയിലെ ജീവനക്കാരെ ഒരിടത്ത് കൂട്ടിയിരുത്തി ഓരോരുത്തർക്കും മനോഹരമായി പൊതിഞ്ഞ സമ്മാനപ്പൊതികൾ നൽകുകയായിരുന്നു നിഷാദ് ഹുസൈനും ഹസീന നിഷാദും. ഓരോരുത്തരും തങ്ങൾക്ക് ഇഷ്ടപ്പെട്ട പെട്ടികൾ തിരഞ്ഞെടുക്കുകയായിരുന്നു. കൗതുകത്തോടെ പെട്ടികൾ തുറന്നപ്പോൾ ചിലർക്ക് ലഭിച്ചത് ഏറ്റവും പുതിയ ആപ്പിൾ ഐഫോണുകൾ. എന്നാൽ ചില പെട്ടികളിലുണ്ടായിരുന്നത് ചോക്ലേറ്റ് മാത്രം.
ചോക്ലേറ്റ് ലഭിച്ച ജീവനക്കാർക്ക് ചെറിയ നിരാശ തോന്നിയെങ്കിലും അവർ അത് പുഞ്ചിരിയോടെ സ്വീകരിച്ചു. എന്നാൽ അതിന് പിന്നാലെയായിരുന്നു യഥാർഥ സർപ്രൈസ്. ആദ്യം ചോക്ലേറ്റ് മാത്രം ലഭിച്ച ജീവനക്കാരെ വീണ്ടും വിളിച്ചുവരുത്തി, ഓരോരുത്തരുടെയും കൈകളിലേക്ക് പുതിയ ഐഫോൺ സമ്മാനമായി നൽകുകയായിരുന്നു. ഇതോടെ മുറിയാകെ സന്തോഷവും ആവേശവും നിറഞ്ഞു. ജീവനക്കാരിൽ ആരെയും വേർതിരിവില്ലാതെ ഒരുപോലെ പരിഗണിക്കുന്നുവെന്ന സന്ദേശം നൽകുന്നതായിരുന്നു ഈ സർപ്രൈസെന്ന് റിപ്പോർട്ട് പറയുന്നു. സമ്മാനത്തേക്കാൾ കൂടുതൽ, ജീവനക്കാരുടെ പരിശ്രമത്തിനുള്ള അംഗീകാരമായാണ് ഈ നടപടിയെ പലരും സോഷ്യൽ മീഡിയയിൽ കാണുന്നത്. വീഡിയോ ഇതിനോടകം 24 ലക്ഷത്തിലധികം കാഴ്ചകൾ നേടി, നിരവധി പേരുടെ അഭിനന്ദനങ്ങളും നേടി.
കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഹസീന നിഷാദും ജീവനക്കാരുടെ പങ്കിനെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവച്ചു. സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ശക്തി ജീവനക്കാരുടെ അർപ്പണബോധവും കൂട്ടായ പ്രവർത്തനവുമാണെന്ന് അവർ കുറിച്ചു. 2008ൽ കേരളത്തിൽ നിന്ന് യുഎഇയിലെത്തിയ നിഷാദ് ഹുസൈൻ പിന്നീട് അബുദാബിയിൽ ‘വേൾഡ് സ്റ്റാർ ഹോൾഡിങ്’ എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. പിന്നീട് കമ്പനി ഷാർജയിലേക്ക് ആസ്ഥാനം മാറ്റുകയും വലിയ ബിസിനസ് സ്ഥാപനമായി വളരുകയും ചെയ്തു. ഹസീന നിഷാദ് പിന്നീട് കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു. സമ്മാനമായി നൽകിയ ഐഫോണുകളുടെ വിലയേക്കാൾ, ജീവനക്കാരെ ആദരിക്കുകയും അവരുടെ പരിശ്രമത്തിന് അംഗീകാരം നൽകുകയും ചെയ്ത രീതിയാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ നേടുന്നത്. “വേക്കൻസി ഉണ്ടോ?” എന്നതടക്കമുള്ള രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുകയാണ്.