
ഇറാന്റെ വിമാന സർവീസുകൾക്കും വിമാനത്താവള സേവനങ്ങൾക്കുമുള്ള നിയന്ത്രണം ശക്തമാകുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ വിമാനങ്ങൾക്ക് സർവീസ് നടത്താനും വിമാനത്താവളങ്ങൾ ഉപയോഗിക്കാനും വിലക്ക് ഏർപ്പെടുത്തിയാൽ, മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും സമാനമായ അവകാശം അനുവദിക്കില്ലെന്നാണ് ഇറാൻ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് മുഹമ്മദ് മുഖ്ബർ വ്യക്തമാക്കിയത്. ‘വിമാന സർവീസുകൾ നടത്താനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ലഭിക്കണം, അല്ലെങ്കിൽ ആർക്കും ലഭിക്കരുത്’ എന്ന നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നതെന്ന് മുഖ്ബർ എക്സിലെ കുറിപ്പിൽ വ്യക്തമാക്കി. അമേരിക്കയുമായി ചേർന്ന് ഇറാനെതിരെ ശത്രുതാപരമായ നടപടികൾ സ്വീകരിക്കുന്ന രാജ്യങ്ങളുടെ നീക്കം ഇറാൻ ജനത അംഗീകരിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അമേരിക്ക പ്രഖ്യാപിച്ച പുതിയ ഉപരോധങ്ങളുടെ ഭാഗമായി ഇറാനിയൻ വിമാനക്കമ്പനികൾക്ക് വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതിന്റെ ഭാഗമായി യുഎഇയും സെപ്റ്റംബർ 24 മുതൽ ഇറാനിയൻ എയർലൈനുകൾ നടത്തുന്ന യുഎഇയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിട്ടുണ്ട്. ഇറാന്റെ സർവീസുകൾക്ക് ഇറാഖിലും തിരിച്ചടി നേരിട്ടു. നജഫ്, ബാഗ്ദാദ് എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകൾ നിർത്തിവച്ചതിന് പിന്നാലെ ഇറാനിയൻ വിമാനങ്ങളുടെ പ്രവർത്തനം കൂടുതൽ നിയന്ത്രിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. അതേസമയം ചൈന, അർമേനിയ തുടങ്ങിയ ചില രാജ്യങ്ങളിലേക്കുള്ള ചെറിയ ഇറാനിയൻ വിമാനക്കമ്പനികളുടെ സർവീസുകൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ. വിമാന സർവീസുകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ തുടർന്നാൽ ഇറാന്റെ അന്താരാഷ്ട്ര വ്യോമയാന ബന്ധങ്ങളെ ഇത് കൂടുതൽ ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, നിയന്ത്രണങ്ങൾ എപ്പോൾ പിൻവലിക്കുമെന്ന കാര്യത്തിൽ യുഎഇ ഇതുവരെ പ്രത്യേക സമയപരിധി പ്രഖ്യാപിച്ചിട്ടില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t