
കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദ ധനസഹായവും തടയുന്നതിനുള്ള ചട്ടങ്ങൾ കൃത്യമായി പാലിക്കാത്തതിനെ തുടർന്ന് കുവൈത്തിലെ 11 ചെറുകിട, ഇടത്തരം എക്സ്ചേഞ്ച് കമ്പനികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. കുവൈത്ത് സെൻട്രൽ ബാങ്കിന്റെയും ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന്റെയും നേതൃത്വത്തിലാണ് നടപടി. കമ്പനികൾ തങ്ങളുടെ AML/CFT സംവിധാനങ്ങളും നടപടിക്രമങ്ങളും പുതുക്കുകയും പണമിടപാടുകളുടെ യഥാർഥ ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ ശക്തമാക്കുകയും വേണം. സങ്കീർണവും ഉയർന്ന അപകടസാധ്യതയുള്ളതുമായ ഇടപാടുകളിൽ കൂടുതൽ കർശനമായ പരിശോധന നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
സംശയാസ്പദമായ പണമിടപാടുകൾ നേരത്തെ കണ്ടെത്തുന്നതിനുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്താനും, ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമ്പത്തിക സേവനങ്ങൾ നൽകാതിരിക്കാനും കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളിലേക്കും സാമ്പത്തിക മേഖലകളിലേക്കുമുള്ള പണമിടപാടുകളിൽ കൂടുതൽ കർശനമായ നിരീക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആവശ്യമായ തിരുത്തലുകൾ വരുത്തി സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതോടെ കമ്പനികൾക്ക് പ്രവർത്തനം പുനരാരംഭിക്കാനുള്ള സാഹചര്യമുണ്ടാകും.