kuwait power infrastructure; ഇറാൻ ആക്രമണങ്ങളും കൊടും ചൂടും തളർത്തിയില്ല; അസാധാരണ സാഹചര്യങ്ങളെ വിജയകരമായി നേരിട്ട് കുവൈത്ത് വൈദ്യുതി മന്ത്രാലയം

kuwait power infrastructure; കുവൈറ്റിലെ അസാധാരണ സുരക്ഷാ പ്രതിസന്ധികളെയും കടുത്ത വേനൽച്ചൂടിനെയും വിജയകരമായി അതിജീവിച്ച് കുവൈത്തിലെ ദേശീയ വൈദ്യുതി ഗ്രിഡ്. 2026-ലെ വേനൽക്കാലത്ത് ഏറ്റവും ഉയർന്ന ഉപയോഗ നിരക്കായ ‘പീക്ക് ലോഡ്’ 17,540 മെഗാവാട്ടിൽ നിർത്താൻ സാധിച്ചതായും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇതിൽ 70 മെഗാവാട്ടിന്റെ കുറവുണ്ടായതായും വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ. സുബൈഹ് അബ്ദുൽ അസീസ് അൽ മുഖൈസീം വ്യക്തമാക്കി. നഗരവൽക്കരണവും അടിസ്ഥാന സൗകര്യങ്ങളും വലിയ തോതിൽ വികസിച്ചിട്ടും തുടർച്ചയായ രണ്ടാം വർഷമാണ് പീക്ക് ലോഡിൽ കുറവ് രേഖപ്പെടുത്തുന്നത്. 2024-ൽ 17,640 മെഗാവാട്ടും 2025-ൽ 17,610 മെഗാവാട്ടുമായിരുന്നു പീക്ക് ലോഡ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ യഥാക്രമം 1,059 മെഗാവാട്ടിന്റെയും 1,019 മെഗാവാട്ടിന്റെയും (ആകെ 2,078 മെഗാവാട്ട്) പുതിയ ലോഡുകൾ ഗ്രിഡിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടിരുന്നു. എന്നിട്ടും പീക്ക് ലോഡ് കുറയ്ക്കാനായത് ഉപഭോഗത്തിലെ കാര്യക്ഷമതയും സമയബന്ധിതമായി സ്വീകരിച്ച മുൻകരുതൽ നടപടികളും മൂലമാണെന്ന് മന്ത്രി വ്യക്തമാക്കി.

വൈദ്യുതി നിലയങ്ങൾ, ജലശുദ്ധീകരണ ശാലകൾ, ഇന്ധന സംഭരണ കേന്ദ്രങ്ങൾ, ഹൈ-വോൾട്ടേജ് ട്രാൻസ്മിഷൻ ലൈനുകൾ തുടങ്ങിയവയെ ലക്ഷ്യമിട്ട് മേഖലയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഉണ്ടായ ഇറാന്റെ ആക്രമണങ്ങൾ വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. പല പവർ ജനറേഷൻ യൂണിറ്റുകളുടെയും പ്രവർത്തനം നിലയ്ക്കുകയും ഉൽപ്പാദനത്തെ ബാധിക്കുകയും ചെയ്തിരുന്നു. ഇത് സാധാരണ നിലയിലുള്ള അറ്റകുറ്റപ്പണികളെയും ബാധിച്ചെങ്കിലും മന്ത്രാലയത്തിലെ എൻജിനീയർമാരും ജീവനക്കാരും രാപ്പകൽ അധ്വാനിച്ച് ഓഗസ്റ്റ് അവസാനത്തോടെ കേടുപാടുകൾ പൂർണ്ണമായി പരിഹരിക്കുകയും സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്തു.

വൈദ്യുതി വിതരണ ശൃംഖലയുടെ സമ്മർദ്ദം കുറയ്ക്കുന്നതിനായി സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കുറയ്ക്കുകയും പീക്ക് സമയങ്ങളിൽ ഫാക്ടറികളുടെ ഉൽപ്പാദനത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. കൂടാതെ, ‘വാഫിർ’ എന്ന പേരിൽ നടത്തിയ ദേശീയ ഊർജ്ജ-ജല സംരക്ഷണ കാമ്പയിൻ പൊതുജനങ്ങളിൽ വലിയ അവബോധമുണ്ടാക്കി. പൗരന്മാരുടെയും പ്രവാസികളുടെയും മാധ്യമങ്ങളുടെയും സഹകരണം പീക്ക് സമയങ്ങളിലെ അധിക ഡിമാൻഡ് കുറയ്ക്കാൻ നിർണ്ണായക പങ്കുവഹിച്ചു. മേയ് 14 മുതൽ വ്യാവസായിക മേഖലകളിൽ ഏർപ്പെടുത്തിയിരുന്ന ഉൽപ്പാദന നിയന്ത്രണങ്ങൾ പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ പിൻവലിച്ചിട്ടുണ്ട്. സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കുവൈത്ത് അതോറിറ്റി ഫോർ പാർട്ണർഷിപ്പ് പ്രോജക്ട്സുമായി (KAPP) സഹകരിച്ച് ഉൽപ്പാദനശേഷി വർദ്ധിപ്പിക്കുന്നതിനും പുനരുപയോഗ ഊർജ്ജ മേഖല വിപുലീകരിക്കുന്നതിനുമുള്ള വൻകിട പദ്ധതികൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version