കോളടിച്ചു; ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ; ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ

Female traveler walking through airport terminal carrying luggage.

ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന ‘ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ’ പദ്ധതി നടപ്പാക്കലിന്റെ അവസാന ഘട്ടത്തിലേക്ക്. വിസയുമായി ബന്ധപ്പെട്ട സാങ്കേതികവും നിയമപരവുമായ ഏകോപന നടപടികൾ പുരോഗമിക്കുകയാണെന്നും പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്നും ജിസിസി ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽ ബുദൈവി അറിയിച്ചു. റിയാദിൽ നടന്ന ‘സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗ്’ പരിപാടിക്കിടെയാണ് അദ്ദേഹം പദ്ധതിയുടെ പുരോഗതി വ്യക്തമാക്കിയത്.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഒരു വിസ ഉപയോഗിച്ച് യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നീ ആറ് രാജ്യങ്ങളും സന്ദർശിക്കാൻ വിദേശികൾക്ക് സാധിക്കും. നിലവിൽ ഓരോ രാജ്യത്തിനും പ്രത്യേകം വിസ ആവശ്യമായ സാഹചര്യത്തിന് ഇതോടെ മാറ്റമുണ്ടാകും.

യൂറോപ്പിലെ ഷെംഗൻ വിസ മാതൃകയിൽ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന യാത്രകൾ കൂടുതൽ ലളിതമാക്കുകയാണ്. ഒരൊറ്റ വിസയിൽ ഒന്നിലധികം രാജ്യങ്ങൾ സന്ദർശിക്കാനാകുന്നത് അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് ഗൾഫ് മേഖലയെ കൂടുതൽ ആകർഷകമായ യാത്രാ കേന്ദ്രമാക്കുമെന്നാണ് വിലയിരുത്തൽ.

പദ്ധതി നടപ്പാകുന്നതോടെ ഒന്നിലധികം ജിസിസി രാജ്യങ്ങൾ ഉൾപ്പെടുത്തി യാത്രാ പാക്കേജുകൾ ഒരുക്കാൻ ടൂർ ഓപ്പറേറ്റർമാർക്കും വിമാനക്കമ്പനികൾക്കും കൂടുതൽ അവസരങ്ങൾ ലഭിക്കും. ഇതുവഴി മേഖലയിൽ ടൂറിസം സഹകരണം ശക്തിപ്പെടുത്താനും കൂടുതൽ അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.

ഒരു വർഷത്തിലേറെയായി ജിസിസി രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങളിലെ പാസ്‌പോർട്ട് വിഭാഗങ്ങൾ പദ്ധതിയുടെ സാങ്കേതികവും സുരക്ഷാപരവുമായ വശങ്ങളിൽ ചർച്ചകൾ നടത്തി വരികയായിരുന്നു. ഇപ്പോൾ പദ്ധതി അന്തിമഘട്ടത്തിലെത്തിയതായി അധികൃതർ അറിയിച്ചു. അതേസമയം, ഏകീകൃത വിസയുടെ ഫീസ്, കാലാവധി, അർഹരാകുന്ന രാജ്യങ്ങളിലെ പൗരന്മാർ തുടങ്ങിയ പ്രധാന വിവരങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ വിശദാംശങ്ങൾ പിന്നീട് അധികൃതർ പുറത്തുവിടും.

ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനുള്ള മറ്റ് പദ്ധതികളും ഇതിനൊപ്പം പുരോഗമിക്കുന്നുണ്ട്. യുഎഇയും ബഹ്റൈനും തമ്മിലുള്ള വിമാനത്താവള യാത്രാ നടപടികൾ ലളിതമാക്കുന്ന ‘വൺ സ്റ്റോപ്പ് ട്രാവൽ’ പദ്ധതിയുടെ ആദ്യഘട്ടം നേരത്തെ ആരംഭിച്ചിരുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ കൂടി നിലവിൽ വരുന്നതോടെ ആറ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകുകയും ജിസിസി മേഖലയിലെ ടൂറിസം രംഗത്തിന് പുതിയ ഉണർവ് ലഭിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version