കൂടുതൽ സുരക്ഷ; കുവൈത്തിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി 870 പട്രോളുകൾ വിന്യസിച്ച് ആഭ്യന്തര മന്ത്രാലയം

2026–27 അധ്യയന വർഷത്തിന് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് സുരക്ഷയും ഗതാഗത നിയന്ത്രണവും ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വിദ്യാർഥികളുടെയും റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്തുടനീളം 870 പട്രോൾ സംഘങ്ങളെയാണ്വിന്യസിച്ചിരിക്കുന്നത്.  ഇതിൽ 520 സുരക്ഷാ പട്രോളുകളും 200 ട്രാഫിക് പട്രോളുകളും 150 എമർജൻസി പട്രോളുകളും ഉൾപ്പെടുന്നു. സ്കൂളുകളുടെ പരിസരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രധാന റോഡുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും സുരക്ഷാ സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കുന്നതിനുമായി 338 ട്രാഫിക് നിരീക്ഷണ ക്യാമറകൾഉപയോഗിക്കും. ട്രാഫിക് സിഗ്നലുകളിലെ ഫ്ലാഷിങ് സംവിധാനങ്ങളും സജീവമാക്കും.

സ്കൂൾ പരിസരങ്ങളുടെയും പ്രധാന കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നത് സുരക്ഷാ ഡയറക്ടറേറ്റുകളുടെ ചുമതലയായിരിക്കും. ട്രാഫിക് വിഭാഗം റോഡുകളിലെ വാഹന നീക്കം നിയന്ത്രിക്കുകയും കൺട്രോൾ റൂം വഴി നിരീക്ഷണം നടത്തുകയും ചെയ്യും. അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പറിൽ ലഭിക്കുന്ന പരാതികളിൽ എമർജൻസി പൊലീസ് വിഭാഗം ഉടൻ പ്രതികരിക്കും. അതേസമയം, വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരെ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വർഷം മുഴുവൻ നീളുന്ന ‘പ്രിവൻഷൻ ആൻഡ് സേഫ്റ്റി’ ബോധവത്കരണ ക്യാംപയിനും ആരംഭിച്ചു.

ട്രാഫിക് സുരക്ഷ, കുട്ടികളുടെ സംരക്ഷണം, മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണം, സൈബർ സുരക്ഷ, തീവ്രവാദ ചിന്തകൾക്കെതിരായ ബോധവത്കരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ആറ് പ്രധാന മേഖലകളിലാണ് ക്യാംപയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ട്രാഫിക് നിയമങ്ങൾ പാലിക്കുക, റോഡ് മുറിച്ചുകടക്കാൻ സീബ്രാ ക്രോസിങ് ഉപയോഗിക്കുക, ബാങ്ക് വിവരങ്ങളും വെരിഫിക്കേഷൻ കോഡുകളും സുരക്ഷിതമായി സൂക്ഷിക്കുക, കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുക തുടങ്ങിയ നിർദേശങ്ങളും മന്ത്രാലയം പൊതുജനങ്ങൾക്ക് നൽകി. 

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version