
കാർഷിക ആവശ്യങ്ങൾക്കായി അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളും വിവിധ ഉപഭോക്തൃ ഉൽപ്പന്നങ്ങളും നിർമിക്കുകയും സംഭരിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേരെ അധികൃതർ പിടികൂടി. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനാണ് നടപടി സ്വീകരിച്ചത്. കബ്ദ് മേഖലയിലെ കാർഷിക ഭൂമി അനുവദിച്ചിരിക്കുന്ന ആവശ്യങ്ങൾക്ക് വിരുദ്ധമായി ഉപയോഗിക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്നാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി നടത്തിയ പരിശോധനയിലാണ് അനധികൃത പ്രവർത്തനങ്ങൾ കണ്ടെത്തിയത്.
റെയ്ഡിനിടെ പേപ്പർ, സുഗന്ധ ടിഷ്യൂ, പേപ്പർ കപ്പ്, ലേബൽ തുടങ്ങിയവ നിർമിക്കാൻ ഉപയോഗിച്ചിരുന്ന വിവിധ യന്ത്രങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. ഇതിനുപുറമെ വൻതോതിൽ ഭക്ഷ്യവസ്തുക്കൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, പാക്കേജിങ് സാമഗ്രികൾ എന്നിവയും സ്ഥലത്തുനിന്ന് കണ്ടെത്തി. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളും മറ്റ് വസ്തുക്കളും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പിന്നീട് നശിപ്പിച്ചു. പിടിയിലായ അഞ്ച് പേരെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
അനുവദിച്ചിട്ടുള്ള ആവശ്യങ്ങൾക്ക് പുറമെ മറ്റ് പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതായി കണ്ടെത്തുന്ന സ്വത്തുക്കൾ നിയമപ്രകാരം കണ്ടുകെട്ടാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. കാർഷിക ഭൂമിയുൾപ്പെടെയുള്ള സ്വത്തുക്കൾ അനുവദിച്ച ഉദ്ദേശ്യത്തിനായി മാത്രം ഉപയോഗിക്കണമെന്ന കർശന സന്ദേശമാണ് അധികൃതർ ഈ നടപടിയിലൂടെ നൽകിയത്.