ഫ്ലൂ വാക്സിൻ എടുത്താൽ അസുഖം വരുമോ? ആർക്കൊക്കെ, എപ്പോൾ വാക്സിൻ എടുക്കണം; ദുബായ് ഹെൽത്ത് അതോറിറ്റിയുടെ നിർദേശം

സീസണൽ ഫ്ലൂ വാക്സിൻ എടുത്താൽ ഫ്ലൂ ബാധിക്കുമെന്ന ആശങ്കയ്ക്ക് വ്യക്തത വരുത്തി ദുബായ് ഹെൽത്ത് അതോറിറ്റി. വാക്സിൻ ഫ്ലൂ ഉണ്ടാക്കില്ലെന്നും, എന്നാൽ വാക്സിൻ എടുത്തതിന് ശേഷം ചിലർക്ക് നേരിയ പാർശ്വഫലങ്ങൾ അനുഭവപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി. കുത്തിവെപ്പ് നൽകിയ ഭാഗത്ത് വേദന, ചെറിയ തോതിലുള്ള പനി, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ ചിലർക്ക് ഉണ്ടാകാം. എന്നാൽ ഇവ സാധാരണയായി താൽക്കാലികമാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ മാറുമെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു.

ഫ്ലൂ വൈറസിൽ നിന്ന് സംരക്ഷണം നേടുന്നതിനും രോഗബാധ ഗുരുതരമാകാനുള്ള സാധ്യത കുറയ്ക്കുന്നതിനുമാണ് പ്രതിവർഷം വാക്സിൻ സ്വീകരിക്കാൻ ശുപാർശ ചെയ്യുന്നത്. പ്രത്യേകിച്ച് കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, ആരോഗ്യപ്രശ്നങ്ങളുള്ളവർ തുടങ്ങിയവർ ഫ്ലൂ വാക്സിൻ എടുക്കുന്നതിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് അധികൃതർ നിർദേശിച്ചു. ഫ്ലൂ സീസൺ ആരംഭിക്കുന്നതിന് മുൻപ് വാക്സിൻ എടുക്കുന്നതാണ് ഉചിതം. പ്രതിരോധശേഷി രൂപപ്പെടാൻ സാധാരണയായി ഏകദേശം രണ്ടാഴ്ചയോളം സമയം വേണ്ടിവരുമെന്നതിനാൽ സീസൺ രൂക്ഷമാകുന്നതിന് മുമ്പ് തന്നെ വാക്സിനേഷൻ പൂർത്തിയാക്കുന്നതാണ് നല്ലത്. അതേസമയം, വാക്സിൻ എടുക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങളോ പ്രത്യേക ആരോഗ്യപരമായ സാഹചര്യങ്ങളോ ഉള്ളവർ ഡോക്ടറുടെ നിർദേശം തേടണമെന്നും ദുബായ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version