യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശം; വിസ സേവനങ്ങളുടെ പേരിൽ തട്ടിപ്പ് വ്യാപകം

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രതാ നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. വിസ സേവനങ്ങൾ, രേഖകൾ ക്രമവത്കരിക്കൽ, എമർജൻസി സർട്ടിഫിക്കറ്റ്, എക്‌സിറ്റ് പെർമിറ്റ്, എമിറേറ്റ്‌സ് ഐഡി, ജോലി എന്നിവ വാഗ്ദാനം ചെയ്ത് അനധികൃത ഏജന്റുമാർ നടത്തുന്ന തട്ടിപ്പുകളിൽ വീഴരുതെന്നാണ് മുന്നറിയിപ്പ്. ഇമിഗ്രേഷൻ സേവനങ്ങളും വിസ ക്രമവത്കരണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ വാഗ്ദാനം ചെയ്ത് നിരവധി ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ട് തട്ടിപ്പ് നടക്കുന്നതായി വിവരം ലഭിച്ചതായി കോൺസുലേറ്റ് വ്യക്തമാക്കി. തട്ടിപ്പുകാർ പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി എന്നിവയുടെ പകർപ്പുകൾക്കൊപ്പം മുഖം, കണ്ണ്, വിരലടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങളും ആവശ്യപ്പെടുന്നതായാണ് കണ്ടെത്തിയത്.
ഇത്തരത്തിൽ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇരകളുടെ അറിവോ സമ്മതമോ ഇല്ലാതെ സാമ്പത്തിക ഇടപാടുകൾ നടത്താനും ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും വായ്പകളും ക്രെഡിറ്റ് കാർഡുകളും നേടാനുമെല്ലാം ഈ വിവരങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാം.

ഇത്തരം തട്ടിപ്പുകൾ സാമ്പത്തിക ബാധ്യതകൾക്കും അജ്ഞാത ഇടപാടുകൾക്കും പുറമെ പിഴ, യാത്രാവിലക്ക്, ചില സാഹചര്യങ്ങളിൽ തടവ് ഉൾപ്പെടെയുള്ള നിയമപ്രശ്നങ്ങളിലേക്കും ഇരകളെ നയിച്ചേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി, ബയോമെട്രിക് വിവരങ്ങൾ, വ്യക്തിഗത രേഖകൾ, സാമ്പത്തിക യോഗ്യതാ രേഖകൾ എന്നിവ അനധികൃത വ്യക്തികളുമായോ ഏജൻസികളുമായോ പങ്കിടരുതെന്ന് ഇന്ത്യൻ പൗരന്മാരോട് കോൺസുലേറ്റ് അഭ്യർഥിച്ചു. എക്‌സിറ്റ് പെർമിറ്റ്, എമിറേറ്റ്‌സ് ഐഡി, വിസ റെഗുലറൈസേഷൻ തുടങ്ങിയ ആവശ്യങ്ങൾക്കുള്ള ബയോമെട്രിക് പരിശോധനകൾ യുഎഇ സർക്കാരിന്റെ ഔദ്യോഗിക കേന്ദ്രങ്ങളിലും അംഗീകൃത കൗണ്ടറുകളിലും മാത്രമേ നടത്താവൂ. യുഎഇ അധികൃതരുടെ അംഗീകാരമുണ്ടെന്ന് അവകാശപ്പെടുന്ന സ്വകാര്യ വ്യക്തികൾക്കോ ഏജൻസികൾക്കോ മൂന്നാം കക്ഷി സേവനദാതാക്കൾക്കോ ഇത്തരം വിവരങ്ങൾ കൈമാറരുതെന്നും നിർദേശം നൽകി.

അതേസമയം, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലോ അബുദാബിയിലെ ഇന്ത്യൻ എംബസിയോ പാസ്‌പോർട്ട് അല്ലെങ്കിൽ എമർജൻസി സർട്ടിഫിക്കറ്റ് അപേക്ഷകൾക്കായി മുഖം, കണ്ണ്, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. എംബസിയുടെയോ കോൺസുലേറ്റിന്റെയോ പേരിൽ ഇത്തരം വിവരങ്ങൾ ആവശ്യപ്പെടുന്നവരെ വിശ്വസിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

ബയോമെട്രിക് വിവരങ്ങളോ എമിറേറ്റ്‌സ് ഐഡി വിവരങ്ങളോ ആവശ്യപ്പെട്ട് അനധികൃത ഏജന്റുമാർ സമീപിച്ചാൽ പ്രവാസി ഭാരതീയ സഹായത കേന്ദ്രത്തിന്റെ ടോൾ ഫ്രീ നമ്പറായ 80046342-ൽ ബന്ധപ്പെടാം. വാട്‌സ്ആപ്പ്, എസ്‌എംഎസ് സേവനങ്ങൾക്കായി 00971543090571 എന്ന നമ്പറിലും ബന്ധപ്പെടാം. കൂടാതെ pbsk.dubai@mea.gov.in എന്ന ഇമെയിൽ വഴിയും പരാതി അറിയിക്കാം. കുടിയേറ്റ, വിസ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യക്തികളുടെയോ ഏജൻസികളുടെയോ അംഗീകാരവും യോഗ്യതയും ഉറപ്പാക്കണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ഇന്ത്യൻ കോൺസുലേറ്റിനെയോ ബന്ധപ്പെട്ട യുഎഇ അധികൃതരെയോ ഉടൻ അറിയിക്കണമെന്നും ഇന്ത്യൻ പ്രവാസികളോട് അധികൃതർ അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version