മൊബൈൽ ഉപയോഗിക്കരുത്, പുകവലിക്കരുത്; യുഎഇയിലെ സ്കൂൾ ബസ് ഡ്രൈവർമാർക്ക് 13 കർശന നിർദേശങ്ങൾ

പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി അബുദാബിയിൽ സ്കൂൾ ഗതാഗത സംവിധാനങ്ങൾ സജ്ജമായി. 2.79 ലക്ഷം വിദ്യാർഥികളെ സ്കൂളുകളിലെത്തിക്കാൻ 10,000 സ്കൂൾ ബസുകളാണ് ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികളുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി അബുദാബി മൊബിലിറ്റി അറിയിച്ചു. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ രക്ഷിതാക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി സലാമ പേരന്റ് ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.

ഡ്രൈവർമാർക്ക് കർശന യോഗ്യതാ മാനദണ്ഡങ്ങൾ

സ്കൂൾ ബസ് ഡ്രൈവർ പെർമിറ്റ് ഇല്ലാത്തവർക്ക് ബസ് ഓടിക്കാൻ അനുമതിയുണ്ടാകില്ല. പെർമിറ്റിന് അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 25 വയസ്സ് ഉണ്ടായിരിക്കണം. യുഎഇയിൽ അനുവദിച്ച ഡ്രൈവിങ് ലൈസൻസ് കുറഞ്ഞത് ഒരു വർഷമെങ്കിലും കൈവശമുണ്ടാകണമെന്നും നിർദേശമുണ്ട്.

അബുദാബി പൊലീസിന്റെ സ്വഭാവ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, താമസാനുമതി, എമിറേറ്റ്സ് ഐഡി എന്നിവ ഉൾപ്പെടെയുള്ള രേഖകൾ സമർപ്പിക്കണം. അറബിക് അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും നിർബന്ധമാണ്. കൂടാതെ, അധികൃതർ അംഗീകരിച്ച സ്കൂൾ ബസ് ഡ്രൈവർ പരിശീലനം പൂർത്തിയാക്കുകയും ട്രാഫിക് നിയമലംഘനങ്ങളുടെ രേഖ ഹാജരാക്കുകയും വേണം. ഡ്രൈവിങ്ങിന് തടസ്സമാകുന്ന ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ രണ്ട് വർഷത്തിലൊരിക്കൽ മെഡിക്കൽ പരിശോധനയും നിർബന്ധമാക്കിയിട്ടുണ്ട്. ദീർഘ അവധിക്കുശേഷവും മെഡിക്കൽ പരിശോധന നടത്തേണ്ടിവരും.

മൊബൈലും പുകവലിയും പാടില്ല; 13 ഉത്തരവാദിത്തങ്ങൾ

സ്കൂൾ ബസ് ഡ്രൈവർമാർ പാലിക്കേണ്ട 13 പ്രധാന ഉത്തരവാദിത്തങ്ങളും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്ര അവസാനിച്ച ശേഷം ഒരു വിദ്യാർഥിയും ബസിനുള്ളിൽ ശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം. സ്കൂൾ നിർദേശിച്ചിട്ടുള്ള സ്ഥലത്തല്ലാതെ കുട്ടികളെ ഇറക്കാനും പാടില്ല.

ബസ് ഓടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. ബസിനുള്ളിൽ പുകവലിയും പൂർണമായും വിലക്കിയിട്ടുണ്ട്. കൂടാതെ, സ്കൂൾ ബസുകളുടെ പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. വിദ്യാർഥികൾ ബസിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോഴും റോഡ് മുറിച്ചുകടക്കുമ്പോഴും സ്റ്റോപ്പ് ബോർഡും ഹസാർഡ് ലൈറ്റുകളും നിർബന്ധമായും ഉപയോഗിക്കണം.

ഹെവി വാഹനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം

പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി അബുദാബി ദ്വീപിലേക്ക് രാവിലെ 6.30 മുതൽ 9 വരെ ഹെവി വാഹനങ്ങൾക്കും തൊഴിലാളി ബസുകൾക്കും പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോജിസ്റ്റിക്‌സ് വാഹനങ്ങൾക്കും ക്ലീനിങ് കമ്പനികളുടെ വാഹനങ്ങൾക്കും ഈ നിയന്ത്രണത്തിൽ ഇളവുണ്ട്. തിങ്കളാഴ്ച മുതൽ സെപ്റ്റംബർ 4 വരെയാണ് നിയന്ത്രണം നിലവിലുള്ളത്. പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ വിദ്യാർഥികളുടെ യാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുകയാണ് നടപടിയുടെ ലക്ഷ്യം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version