മരുന്ന് വാങ്ങുമ്പോൾ ഇനി ആശ്വാസം! കുവൈത്തിൽ ഇത്രയധികം മരുന്നുകൾക്ക് കൂടി വിലക്കുറവ്

കുവൈത്തിലെ രോഗികൾക്ക് വലിയ ആശ്വാസമായി 517 മരുന്നുകളുടെയും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെയും വില കുറയ്ക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദി പുറപ്പെടുവിച്ചു. പുതിയ തീരുമാനത്തോടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് വില കുറച്ച മരുന്നുകളുടെയും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെയും ആകെ എണ്ണം 2,760 ആയി ഉയർന്നു. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ മരുന്ന് വില നിലവാരം കുവൈത്തിൽ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടികളെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ക്യാൻസർ മരുന്നുകൾ ഉൾപ്പെടെ വിലക്കുറവ്

പുതിയ പട്ടികയിൽ വിവിധ ഗുരുതര രോഗങ്ങൾക്കും സാധാരണ ആരോഗ്യപ്രശ്നങ്ങൾക്കുമായി ഉപയോഗിക്കുന്ന മരുന്നുകൾ ഉൾപ്പെടുന്നു. ക്യാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ആധുനിക ഔഷധങ്ങൾ, അപസ്മാരത്തിനുള്ള മരുന്നുകൾ, അലർജി മരുന്നുകൾ, വിവിധതരം വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, ഫംഗസ് അണുബാധയ്ക്കുള്ള മരുന്നുകൾ, പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന ഔഷധങ്ങൾ എന്നിവയുടെ വിലയാണ് കുറച്ചത്.

ശാസ്ത്രീയ പഠനങ്ങളും അന്താരാഷ്ട്ര, പ്രാദേശിക വിപണികളിലെ വിലനിലവാര പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. മരുന്നുകളുടെ ഗുണനിലവാരത്തിലും ഫലപ്രാപ്തിയിലും വിട്ടുവീഴ്ച ചെയ്യാതെ, രോഗികൾക്ക് കൂടുതൽ മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. വിപണിയിലെ വിലനിലവാരം നിരന്തരം വിലയിരുത്തുകയും ആവശ്യമായ സാഹചര്യങ്ങളിൽ മരുന്ന് വില നയം പുതുക്കുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *