കുവൈറ്റിൽ സർക്കാർ ഓഫീസിൽ നിന്ന് മോഷണം; ജീവനക്കാരനെ കൈയ്യോടെ പൊക്കി പോലീസ് 

സർക്കാർ ഓഫീസിൽ നിന്ന് ഡാറ്റ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ച് കമ്പ്യൂട്ടർ ഷോപ്പിൽ വിൽപ്പന നടത്തിയ കുവൈത്ത് സ്വദേശിയായ ജീവനക്കാരനെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു.
മന്ത്രാലയത്തിൽ നടത്തിയ ആഭ്യന്തര പരിശോധനയ്ക്കിടെയാണ് കോടിക്കണക്കിന് ഡാറ്റ ഉൾക്കൊള്ളുന്ന സ്റ്റോറേജ് ഡിസ്കുകൾ കാണാതായതായി കണ്ടെത്തിയത്. തുടർന്ന് ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഓഫീസിൽ ജീവനക്കാരോ സന്ദർശകരോ ഇല്ലാത്ത സമയം മുതലെടുത്താണ് ഇയാൾ ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ സംശയാസ്പദമായ നീക്കങ്ങൾ നിരീക്ഷിച്ച അന്വേഷണ സംഘം ഒടുവിൽ പ്രതിയിലേക്ക് എത്തുകയായിരുന്നു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഹാർഡ് ഡിസ്കുകൾ കമ്പ്യൂട്ടർ ഷോപ്പിൽ വിൽക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും അവയിൽ സൂക്ഷിച്ചിരുന്ന രഹസ്യ വിവരങ്ങൾ ചോർത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി അധികൃതർ അറിയിച്ചു.
പ്രതി മുമ്പും സമാനമായ നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്നും പോലീസ് വ്യക്തമാക്കി. അടുത്തിടെയാണ് ഇയാൾ ശിക്ഷാകാലാവധി പൂർത്തിയാക്കി സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
ഹാർഡ് ഡിസ്കുകൾ വിൽപ്പന നടത്തിയ കമ്പ്യൂട്ടർ ഷോപ്പിൽ നടത്തിയ പരിശോധനയിൽ മോഷ്ടിക്കപ്പെട്ട ചില സാധനങ്ങൾ പോലീസ് കണ്ടെത്തി വീണ്ടെടുത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version