ദുബായിൽ ഇനി വാടക അടയ്ക്കാൻ ‘ഫ്ലെക്സി’എന്താണ് പുതിയ  ‘ഫ്ലെക്സി റെന്റ്’ പദ്ധതി? അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തിൽ

ദുബായിലെ പുതിയ ‘ഫ്ലെക്സി റെന്റ്’ പദ്ധതി ഹ്രസ്വകാല ഹോളിഡേ ഹോം വാടകയ്ക്കും പരമ്പരാഗത വാർഷിക വാടക കരാറുകൾക്കുമിടയിലെ വലിയ വിടവ് കുറയ്ക്കുമെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധർ. വാടക താങ്ങാനാകാത്തതിനെക്കാൾ, വലിയ തുക മുൻകൂറായി ഒന്നിച്ച് നൽകേണ്ടിവരുന്നതാണ് പല വാടകക്കാരും നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്നത്തിന് പരിഹാരമായാണ് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് ജൂണിൽ ‘ഫ്ലെക്സി റെന്റ്’ പദ്ധതി അവതരിപ്പിച്ചത്. പദ്ധതിയിൽ പങ്കെടുക്കുന്ന റിയൽ എസ്റ്റേറ്റ് കമ്പനികൾ വഴി വീടുകൾ വാടകയ്ക്ക് എടുക്കുന്നവർക്ക് പ്രതിമാസം, മൂന്ന് മാസത്തിലൊരിക്കൽ, വാർഷികമായി എന്നിങ്ങനെ വിവിധ രീതികളിൽ വാടക അടയ്ക്കാനുള്ള സൗകര്യം ലഭിക്കും. ഇതോടെ വലിയ തുകയുടെ ചെക്കുകൾ ഒരുമിച്ച് നൽകേണ്ട സാമ്പത്തിക ബാധ്യത വാടകക്കാർക്ക് ഒഴിവാക്കാനാകും. പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.

സ്പ്രിങ്ഫീൽഡ് പ്രോപ്പർട്ടീസിന്റെ സിഇഒ ഫാറൂഖ് സയീദിന്റെ അഭിപ്രായത്തിൽ, ദുബായിലെ വാടക വിപണിയിൽ ഫ്ലെക്സി റെന്റ് ശക്തമായൊരു മധ്യവഴി സൃഷ്ടിക്കും. ഒരു വർഷം താമസിക്കാൻ താൽപര്യമുണ്ടായിരുന്നിട്ടും ഒന്നോ രണ്ടോ വലിയ ചെക്കുകളായി വാടക നൽകാൻ കഴിയാത്തതിനാൽ ഹ്രസ്വകാല കരാറുകൾ തിരഞ്ഞെടുക്കേണ്ടിവന്ന നിരവധി വാടകക്കാർക്ക് പുതിയ പദ്ധതി പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ സൗകര്യപ്രദമായ പേയ്‌മെന്റ് സംവിധാനത്തിനായി അധിക തുക നൽകാനും പലരും തയ്യാറായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കും ഒരു വർഷത്തെ കരാറിൽ ഏർപ്പെടാൻ താൽപര്യമില്ലാത്തവർക്കും ഹ്രസ്വകാല വാടകകൾ തുടർന്നും പ്രയോജനപ്പെടും.

വാടകയ്ക്ക് ലഭ്യമായ വീടുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ദുബായിലെ വാടക വിപണിയിൽ നിലവിൽ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. രണ്ടാം പാദത്തിൽ 1,15,992 വാടക ഇടപാടുകളാണ് ദുബായിൽ നടന്നത്. ഇവയുടെ ആകെ മൂല്യം 10.18 ബില്യൺ ദിർഹമായിരുന്നു. മുൻപാദത്തെ അപേക്ഷിച്ച് വാടക ഇടപാടുകളുടെ എണ്ണം 19 ശതമാനവും ആകെ വാടക മൂല്യം 18 ശതമാനവും കുറഞ്ഞു. പുതിയ വാടക കരാറുകൾ 15 ശതമാനം കുറഞ്ഞ് 42,100 ആയി. കരാർ പുതുക്കലുകൾ 20 ശതമാനം കുറഞ്ഞ് 73,892 ആയി. ശരാശരി വാടക നിരക്കും ഏഴ് ശതമാനം കുറഞ്ഞ് ചതുരശ്ര അടിക്ക് 93 ദിർഹമായി. അതേസമയം, ആകെ വാടക ഇടപാടുകളുടെ ഏകദേശം 64 ശതമാനവും നിലവിലുള്ള വാടകക്കാർ കരാർ പുതുക്കിയതായിരുന്നു. ദുബായിലെ വാടക വിപണിയിലെ ഇടപാടുകളിൽ ഭൂരിഭാഗവും നിലവിലെ താമസക്കാർ വീടുകളിൽ തന്നെ തുടരുന്നതുമായി ബന്ധപ്പെട്ടതാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version