പ്രവാസികൾ സൂക്ഷിക്കണം! ‘കസ്റ്റംസ്’ പേരിൽ എസ്എംഎസും വാട്സാപ് മെസേജും; ഒരു ക്ലിക്കിൽ കീശ കാലിയാകും!

എസ്‌എംഎസ്, വാട്സാപ് തുടങ്ങിയ സംവിധാനങ്ങൾ വഴി വ്യക്തിഗത വിവരങ്ങളും പണവും തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി അബുദാബി കസ്റ്റംസ്. കസ്റ്റംസിന്റെ പേരിൽ ലഭിക്കുന്ന വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും സംശയകരമായ ലിങ്കുകളിൽ പ്രവേശിക്കരുതെന്നും അധികൃതർ നിർദേശിച്ചു. ‘Official Customs Hold Notice – Customs Tariff Classification Required (Harmonized System)’ എന്ന തലക്കെട്ടോടെയാണ് നിലവിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. അബുദാബി കസ്റ്റംസിന്റെ ഔദ്യോഗിക അറിയിപ്പെന്ന രീതിയിൽ ലഭിക്കുന്ന സന്ദേശത്തിൽ തുടർന്ന് ഒരു ലിങ്കിൽ പ്രവേശിച്ച് വ്യക്തിഗത വിവരങ്ങൾ നൽകാൻ ആവശ്യപ്പെടുകയാണ് തട്ടിപ്പിന്റെ രീതി.

ഇത്തരം സന്ദേശങ്ങൾക്ക് അബുദാബി കസ്റ്റംസുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. സന്ദേശം ലഭിച്ചാൽ പ്രതികരിക്കാതിരിക്കുകയും ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും വേണം. വ്യക്തിഗത വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ, മറ്റ് രഹസ്യ വിവരങ്ങൾ എന്നിവയും കൈമാറരുത്.
പണമിടപാടുകൾ നടത്തുന്നതിന് മുമ്പ് സന്ദേശത്തിന്റെ ഉറവിടം കൃത്യമായി പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു. സംശയകരമായ സന്ദേശങ്ങൾ അവഗണിക്കുകയും അതുമായി ആശയവിനിമയം നടത്താതിരിക്കുകയും വേണം. അബുദാബി കസ്റ്റംസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സഹായത്തിനുമായി 800 555 എന്ന നമ്പറിൽ ബന്ധപ്പെടാം.

സമൂഹമാധ്യമ തട്ടിപ്പുകൾക്കെതിരെയും നടപടി

സമൂഹമാധ്യമങ്ങളും മെസേജിങ് ആപ്പുകളും ഉപയോഗിച്ച് വ്യാജ സേവനങ്ങളും ഓഫറുകളും പ്രചരിപ്പിച്ച് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ യുഎഇയിലെ വിവിധ അധികൃതർ നടപടി ശക്തമാക്കിയിട്ടുണ്ട്.
2026ലെ രണ്ടാം പാദത്തിൽ ദുബായ് പൊലീസ് 103 വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ അടച്ചുപൂട്ടിയിരുന്നു. ആളുകളെ കബളിപ്പിക്കുന്നതിനായി വ്യാജ സേവനങ്ങളും ഓഫറുകളും പ്രചരിപ്പിച്ച അക്കൗണ്ടുകൾക്കെതിരെയായിരുന്നു നടപടി. കുറ്റകൃത്യങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും തടയുന്നതിനുമായി നിർമിതബുദ്ധിയും കുറ്റകൃത്യ വിവരങ്ങളുടെ വിശകലനവും ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതായും ദുബായ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കാതെ ലിങ്കിൽ കയറരുത്; വ്യക്തിഗത വിവരങ്ങൾ നൽകുകയോ പണം അയയ്ക്കുകയോ ചെയ്യരുത് എന്നതാണ് അധികൃതരുടെ പ്രധാന മുന്നറിയിപ്പ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version