
തവണ വ്യവസ്ഥയിൽ മൊബൈൽ ഫോൺ നൽകാമെന്ന് വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ യുഎഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആകർഷകമായ ഓഫറുകൾ നൽകി ഉപയോക്താക്കളെ കബളിപ്പിച്ച് ബാങ്കിങ് വിവരങ്ങളും പണവും തട്ടിയെടുക്കാനാണ് തട്ടിപ്പുസംഘങ്ങളുടെ ശ്രമമെന്ന് മന്ത്രാലയം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലെ ഇത്തരം പരസ്യങ്ങളോട് പ്രതികരിക്കുന്നതിന് മുമ്പ് പരസ്യം നൽകിയ സ്ഥാപനവും വിൽപനക്കാരനും യഥാർഥമാണെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിച്ചു. സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് വിവരങ്ങൾ, ഒറ്റത്തവണ പാസ്വേഡ് (OTP) തുടങ്ങിയ രഹസ്യ വിവരങ്ങൾ മറ്റാരുമായും പങ്കുവയ്ക്കരുതെന്നും മുന്നറിയിപ്പുണ്ട്. മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ഔദ്യോഗിക സ്ഥാപനങ്ങളെയും അംഗീകൃത വിൽപനക്കാരെയും മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വ്യാജ അക്കൗണ്ടുകളിലൂടെ തട്ടിപ്പ്
വ്യാജ സന്ദേശങ്ങൾ, വെബ്സൈറ്റുകൾ, സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവ ഉപയോഗിച്ച് നിയമാനുസൃത സ്ഥാപനങ്ങളായി ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പുകാർ പലപ്പോഴും ആളുകളെ സമീപിക്കുന്നത്. വ്യക്തിഗത വിവരങ്ങളും ബാങ്കിങ് വിവരങ്ങളും കൈക്കലാക്കാൻ ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നതായി അധികൃതർ വ്യക്തമാക്കി. തട്ടിപ്പിനെതിരെ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായി 2026ലെ രണ്ടാം പാദത്തിൽ മാത്രം 103 വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ ദുബായ് പൊലീസ് അടച്ചുപൂട്ടിയതായും റിപ്പോർട്ടുണ്ട്. ഓൺലൈനിൽ വലിയ ഓഫറുകൾ കണ്ടാൽ ഉടൻ പ്രതികരിക്കാതെ, വിൽപനക്കാരന്റെ വിശ്വാസ്യതയും വെബ്സൈറ്റിന്റെ ആധികാരികതയും പരിശോധിച്ച ശേഷമേ പണമിടപാടുകൾ നടത്താവൂ എന്നാണ് അധികൃതരുടെ നിർദേശം.