
സർക്കാർ, സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളിൽ നടത്തുന്ന ശസ്ത്രക്രിയകൾക്കും മെഡിക്കൽ ഇടപെടലുകൾക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് ആരോഗ്യ മന്ത്രാലയം. രോഗികളുടെ സുരക്ഷ, ചികിത്സയിലെ പ്രൊഫഷണൽ നിലവാരം, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യം. ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദിയാണ് പുതിയ തീരുമാനം പുറപ്പെടുവിച്ചത്. ഡോക്ടറുടെ സ്പെഷ്യലൈസേഷൻ, പ്രൊഫഷണൽ ലൈസൻസ്, അംഗീകൃത ക്ലിനിക്കൽ പ്രിവിലേജുകൾ എന്നിവയ്ക്ക് അനുസരിച്ചായിരിക്കണം ശസ്ത്രക്രിയകളും മെഡിക്കൽ ഇടപെടലുകളും നടത്തേണ്ടത്. ആരോഗ്യസ്ഥാപനങ്ങൾ അവയുടെ വിഭാഗത്തിന് അനുസരിച്ചുള്ള ലൈസൻസ് നേടിയിരിക്കണമെന്നും ആരോഗ്യ ഗുണനിലവാരം, അണുബാധ നിയന്ത്രണം, അനസ്തേഷ്യ സുരക്ഷ തുടങ്ങിയ അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശമുണ്ട്.
വിദഗ്ധ ഡോക്ടർമാർക്ക് മാത്രം നിർദ്ദിഷ്ട ശസ്ത്രക്രിയകൾ
മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ സ്പെഷ്യലിസ്റ്റ് തലത്തിലോ അതിന് മുകളിലുള്ള യോഗ്യതയുള്ള ഡോക്ടറുടെ മേൽനോട്ടത്തിലും നിർവഹിക്കണം. ഓരോ മെഡിക്കൽ വിഭാഗത്തിലെയും കൗൺസിലുകൾ ശസ്ത്രക്രിയകളെ തരംതിരിക്കുകയും ഓരോ നടപടിക്കും ആവശ്യമായ പ്രൊഫഷണൽ അധികാരം നിർണയിക്കുകയും ചെയ്യും. ഡോക്ടറുടെ പദവി, സ്പെഷ്യലൈസേഷൻ, പ്രവൃത്തിപരിചയം, നിർവഹിക്കേണ്ട ശസ്ത്രക്രിയയുടെ സ്വഭാവം എന്നിവ പരിഗണിച്ചായിരിക്കും ക്ലിനിക്കൽ പ്രിവിലേജുകൾ നിശ്ചയിക്കുക. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ തീരുമാനം പ്രസിദ്ധീകരിച്ച തീയതി മുതൽ മൂന്ന് മാസത്തിനകം ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറിക്ക് സമർപ്പിക്കണം.
രോഗിയുടെ സമ്മതം നിർബന്ധം
പുതിയ ചട്ടങ്ങളിൽ രോഗികളുടെ അവകാശങ്ങൾക്കും വിവരമറിഞ്ഞുള്ള സമ്മതത്തിനും പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കോ മെഡിക്കൽ ഇടപെടലിനോ മുമ്പ് ചികിത്സിക്കുന്ന ഡോക്ടറോ അംഗീകൃത മെഡിക്കൽ സംഘത്തിലെ അംഗമോ രോഗിയിൽനിന്നോ നിയമപരമായ പ്രതിനിധിയിൽനിന്നോ സമ്മതം നേടണം. ഈ സമ്മതം രോഗിയുടെ മെഡിക്കൽ രേഖകളിൽ രേഖപ്പെടുത്തുകയും വേണം. ശസ്ത്രക്രിയ നിർവഹിക്കുന്ന മെഡിക്കൽ സംഘത്തിലെ അംഗങ്ങളുടെ വിവരങ്ങളും രോഗിയെ അറിയിക്കണം. രോഗിയുടെയോ നിയമപരമായ പ്രതിനിധിയുടെയോ സമ്മതമില്ലാതെ മറ്റൊരു ഡോക്ടർ ശസ്ത്രക്രിയ നടത്താനും പാടില്ല. എന്നാൽ ആവശ്യമായ പ്രൊഫഷണൽ അധികാരമുള്ള പകരം ഡോക്ടറെ അടിയന്തര സാഹചര്യത്തിൽ നിയോഗിക്കുന്നതിന് ചട്ടപ്രകാരമുള്ള വ്യവസ്ഥകളുണ്ട്.
ആവശ്യമായാൽ ഡോക്ടറുടെ ശസ്ത്രക്രിയാ അധികാരം താൽക്കാലികമായി നിർത്താം
മെഡിക്കൽ സാഹചര്യങ്ങൾ പരിഗണിച്ച് ആവശ്യമായ ഘട്ടങ്ങളിൽ ഒരു ഡോക്ടർക്ക് പ്രത്യേക ശസ്ത്രക്രിയകളോ മെഡിക്കൽ ഇടപെടലുകളോ നടത്താനുള്ള അധികാരം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള അധികാരം ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറിക്കോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഉണ്ടായിരിക്കും. വ്യത്യസ്ത മെഡിക്കൽ വിഭാഗങ്ങൾക്കിടയിൽ ശസ്ത്രക്രിയാ അധികാരവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സംവിധാനവും പുതിയ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക വ്യവസ്ഥ
ആവശ്യമായ സാഹചര്യങ്ങളിൽ സർക്കാർ മേഖലയിലെ ഡോക്ടർമാർക്ക് മറ്റ് സർക്കാർ ആശുപത്രികളിലും ശസ്ത്രക്രിയകൾ നടത്താം. ഇതിനായി ആവശ്യമായ അനുമതികൾ ലഭിച്ചിരിക്കണം. ചികിത്സ സ്വീകരിക്കുന്ന ആശുപത്രിയിൽ ആവശ്യമായ ഉപകരണങ്ങളും സങ്കീർണതകൾ കൈകാര്യം ചെയ്യാൻ യോഗ്യതയുള്ള മെഡിക്കൽ സംഘവും ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്.
രോഗിയുടെ ജീവൻ രക്ഷിക്കാനോ ഗുരുതരമായ ആരോഗ്യപ്രശ്നം തടയാനോ അടിയന്തര ഇടപെടൽ ആവശ്യമായ സാഹചര്യങ്ങളിൽ, ആരോഗ്യ മന്ത്രാലയത്തിലെ സർജന്മാരെ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളിലും ശസ്ത്രക്രിയാ സേവനങ്ങൾ നൽകാൻ നിയോഗിക്കാം. ഇതിനും തീരുമാനത്തിൽ വ്യക്തമാക്കിയ അനുമതികളും നടപടിക്രമങ്ങളും പാലിക്കണം. പുതിയ നിയന്ത്രണങ്ങളിലൂടെ ശസ്ത്രക്രിയകളുടെ സുരക്ഷയും ചികിത്സാ നിലവാരവും മെച്ചപ്പെടുത്തുന്നതിനൊപ്പം, ഓരോ മെഡിക്കൽ ഇടപെടലിലും ഉത്തരവാദിത്തം കൂടുതൽ വ്യക്തമായി ഉറപ്പാക്കുകയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം.