Kuwait car theft ; എഞ്ചിൻ ഓഫ് ചെയ്യാതെ കടയിലെത്തിയ പ്രവാസിക്ക് വാഹനം നഷ്ടമായി; കുവൈത്തില്‍ മോഷണം മിനിറ്റുകൾക്കുള്ളിൽ

Kuwait car theft; അഹമ്മദി ഗവർണറേറ്റിൽ ഗ്രോസറി ഷോപ്പിന് മുന്നിൽ എൻജിൻ പ്രവർത്തിപ്പിച്ച നിലയിൽ വാഹനം നിർത്തി അകത്തേക്ക് പോയ ഏഷ്യൻ പ്രവാസിക്ക് വാഹനം നഷ്ടമായി. ചെറിയ സമയം മാത്രമാണ് കടയ്ക്കുള്ളിൽ ചെലവഴിച്ചതെന്നും തിരികെ എത്തിയപ്പോൾ വാഹനം കാണാതായെന്നും ഇയാൾ പൊലീസിൽ പരാതി നൽകി. ഗ്രോസറി ഷോപ്പിന് മുന്നിൽ വാഹനം പാർക്ക് ചെയ്ത ശേഷം ചെറിയൊരു സാധനം വാങ്ങുന്നതിനായി അകത്തേക്ക് പോയതായിരുന്നു പ്രവാസി. ഒരു മിനിറ്റിൽ താഴെ മാത്രമാണ് കടയ്ക്കുള്ളിൽ ഉണ്ടായിരുന്നതെന്നും തിരിച്ചെത്തിയപ്പോൾ വാഹനം മോഷണം പോയതായി കണ്ടെത്തിയെന്നും പരാതിയിൽ പറയുന്നു. വാഹനത്തിനുള്ളിൽ മൊബൈൽ ഫോണിന് പുറമെ ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ രേഖകൾ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളും ഉണ്ടായിരുന്നതായി പരാതിയിൽ വ്യക്തമാക്കി. പൊലീസ് ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും മോഷ്ടിച്ച വാഹനം കണ്ടെത്താനും പ്രതിയെ തിരിച്ചറിയാനും ഗവർണറേറ്റിലെ വിവിധ സുരക്ഷാ പട്രോളുകൾക്ക് വാഹനത്തിന്റെ വിവരങ്ങൾ കൈമാറുകയും ചെയ്തു. അതേസമയം, വാഹനം എൻജിൻ പ്രവർത്തിപ്പിച്ച നിലയിൽ ഉപേക്ഷിച്ചതിന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രവാസിക്കെതിരെ ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തി. വാഹനം ഏതാനും നിമിഷത്തേക്ക് മാത്രമായാലും ശ്രദ്ധിക്കാതെ ഉപേക്ഷിക്കരുതെന്ന് സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. എത്ര ചെറിയ ആവശ്യത്തിനാണെങ്കിലും വാഹനം നിർത്തി പുറത്തിറങ്ങുമ്പോൾ എൻജിൻ ഓഫ് ചെയ്യാനും വാതിലുകൾ ലോക്ക് ചെയ്യാനും ഡ്രൈവർമാർ ശ്രദ്ധിക്കണം. താക്കോൽ വാഹനത്തിൽ തന്നെ വെച്ച് പോകുന്നത് മോഷ്ടാക്കൾക്ക് കാര്യങ്ങൾ എളുപ്പമാക്കും. ഇത്തരം അശ്രദ്ധകൾ ഒഴിവാക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകി.


Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version