മിഠായി മുതൽ പാഴ്സൽ വരെ; കുട്ടികളെ ലക്ഷ്യമിട്ട് ലഹരിക്കടത്തുകാരുടെ പുതിയ തന്ത്രങ്ങൾ, യുഎഇയിൽ മുന്നറിയിപ്പ്

കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് കടത്തുകാർ പുതിയ രീതികൾ ഉപയോഗിക്കുന്നതായി യുഎഇ നാഷനൽ ആന്റി-നാർകോട്ടിക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. മിഠായികൾ, എ4 പേപ്പർ, പരിചയമില്ലാത്ത നമ്പറുകളിൽനിന്ന് അയയ്ക്കുന്ന പാഴ്സലുകൾ തുടങ്ങിയവ ഉപയോഗിച്ച് ലഹരിവസ്തുക്കൾ കുട്ടികളിലേക്ക് എത്തിക്കുന്ന രീതികൾ സുരക്ഷാ ഏജൻസികൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ലഹരിവസ്തുക്കൾ എ4 പേപ്പറിൽ ലയിപ്പിക്കുകയോ പേപ്പറിൽ ആഗിരണം ചെയ്യിക്കുകയോ ചെയ്യുന്ന രീതിയും അടുത്തിടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഒളിപ്പിക്കുന്നതിനാൽ സാധാരണ പരിശോധനകളിൽ ഇവ കണ്ടെത്തുന്നത് ബുദ്ധിമുട്ടാകാമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

മിഠായികൾക്കുള്ളിൽ ലഹരിവസ്തുക്കൾ ഒളിപ്പിച്ച് കുട്ടികളിലേക്ക് എത്തിക്കുന്ന രീതിയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ, പരിചയമില്ലാത്ത നമ്പറുകളിൽനിന്ന് ഡെലിവറി കമ്പനികൾ വഴി അയയ്ക്കുന്ന അപ്രതീക്ഷിത പാഴ്സലുകളും സമ്മാനങ്ങളും ഉപയോഗിച്ചും കുട്ടികളെ വലയിലാക്കാൻ ശ്രമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. അപരിചിതരിൽനിന്ന് ലഭിക്കുന്ന സംശയാസ്പദമായ പാഴ്സലുകളോ സമ്മാനങ്ങളോ സ്വീകരിക്കരുതെന്നും ഇത്തരം ഓഫറുകളുമായി കുട്ടികളും കൗമാരക്കാരും ബന്ധപ്പെടരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

കുട്ടികളുടെ സുരക്ഷയിൽ കുടുംബത്തിന് നിർണായക പങ്ക്

ലഹരിക്കടത്തുകാരുടെ ഇത്തരം ശ്രമങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിൽ കുടുംബത്തിന് പ്രധാന ഉത്തരവാദിത്തമുണ്ടെന്ന് നാഷനൽ ആന്റി-നാർകോട്ടിക്സ് അതോറിറ്റി വ്യക്തമാക്കി. മാതാപിതാക്കൾ കുട്ടികളുമായി തുറന്ന ആശയവിനിമയം നടത്തുകയും അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ ശ്രദ്ധിക്കുകയും വേണം. ബോധവൽക്കരണം, കുടുംബത്തിലെ സ്ഥിരത, കുട്ടികൾക്ക് നൽകുന്ന വൈകാരിക പിന്തുണ എന്നിവയാണ് പ്രതിരോധത്തിന്റെ പ്രധാന ഘടകങ്ങളെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ലഹരിക്ക് അടിമപ്പെടുന്നതിനെ ചികിത്സയും തുടർച്ചയായ പരിചരണവും ആവശ്യമായ ഒരു ആരോഗ്യാവസ്ഥയായി കാണണമെന്നും അധികൃതർ വ്യക്തമാക്കി. സമൂഹത്തിൽനിന്നുള്ള അപമാനഭീതിയോ മറ്റേതെങ്കിലും കാരണങ്ങളോ മൂലം ചികിത്സ തേടുന്നതിൽനിന്ന് കുടുംബങ്ങൾ പിന്നോട്ടുപോകരുതെന്നും നിർദേശിച്ചു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ഹിസൻ സേവനത്തിന്റെ 80044 എന്ന നമ്പറിൽ ബന്ധപ്പെടാം. രഹസ്യമായി വിവരം നൽകുന്നതിനും പിന്തുണയും ചികിത്സാ സഹായവും തേടുന്നതിനുമുള്ള സംവിധാനമാണിത്.

അതിർത്തികളിൽ പരിശോധന കൂടുതൽ ശക്തമാക്കും

രാജ്യത്തേക്ക് ലഹരിമരുന്നുകൾ എത്തുന്നത് തടയുന്നതിനായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി, പ്രാദേശിക കസ്റ്റംസ് വിഭാഗങ്ങൾ എന്നിവയുമായുള്ള ഏകോപനം ശക്തമാക്കിയതായി നാഷനൽ ആന്റി-നാർകോട്ടിക്സ് അതോറിറ്റി അറിയിച്ചു. അധികൃതർ തമ്മിലുള്ള ഏകോപനവും കസ്റ്റംസ് പരിശോധനാ സംവിധാനങ്ങളുടെ തുടർച്ചയായ നവീകരണവും ലഹരിക്കടത്ത് തടയുന്നതിൽ നിർണായകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി പറഞ്ഞു.

യുഎഇ ഗവൺമെന്റ് മീഡിയ ഓഫിസുമായി സഹകരിച്ച് നാഷനൽ ആന്റി-നാർകോട്ടിക്സ് അതോറിറ്റി നടത്തിയ ദേശീയ ബോധവൽക്കരണ ക്യാംപയിനും അടുത്തിടെ സമാപിച്ചു. ‘യുണൈറ്റഡ് ഇൻ എലിമിനേറ്റിങ് ദ് സ്കോർജ്’ എന്ന മുദ്രാവാക്യത്തിലായിരുന്നു ക്യാംപയിൻ. കുടുംബങ്ങൾ, യുവാക്കൾ, സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ബോധവൽക്കരണ പ്രവർത്തനങ്ങൾ. കുട്ടികളിൽ ലഹരിക്കെതിരായ അവബോധം വർധിപ്പിക്കുക, മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കുക, ലഹരിയിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയാനും ചെറുക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്നിവയ്ക്കാണ് ക്യാംപയിനിൽ പ്രധാന്യം നൽകിയത്.

ഇലക്ട്രോണിക് സിഗരറ്റുകളും വെയ്പ്പിങ് ഉപകരണങ്ങളും ലഹരിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വീടുകളിലും സ്കൂളുകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും തുടർച്ചയായ ബോധവൽക്കരണം ശക്തമാക്കുന്നതിലൂടെ ലഹരിക്കടത്തുകാരുടെ മാറിവരുന്ന തന്ത്രങ്ങളിൽനിന്ന് കുട്ടികളെയും യുവാക്കളെയും കൂടുതൽ ഫലപ്രദമായി സംരക്ഷിക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version