
വേനലവധിക്കാല യാത്രാത്തിരക്ക് തുടരുന്നതിനിടെ യുഎഇയിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദേശവുമായി അധികൃതർ. ദുബൈ, അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസേന രാജ്യാന്തര യാത്ര നടത്തുന്നത്. മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും താൽക്കാലിക വ്യോമപാത നിയന്ത്രണങ്ങളും കാരണം ചില ഗൾഫ് റൂട്ടുകളിലെ വിമാന സർവീസുകളിൽ മാറ്റങ്ങൾ തുടരുകയാണ്. യാത്രയ്ക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കണമെന്നും വിമാനത്താവളത്തിലെത്താൻ ആവശ്യമായ അധിക സമയം കണക്കിലെടുക്കണമെന്നും അധികൃതർ നിർദേശിച്ചു. വേനലവധിക്കാലത്തെ തിരക്ക് കാരണം ചെക്ക്-ഇൻ, സുരക്ഷാ പരിശോധന, ഇമിഗ്രേഷൻ നടപടികൾ എന്നിവയ്ക്കും കൂടുതൽ സമയം വേണ്ടിവന്നേക്കും. അതിനാൽ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തുന്നതാണ് ഉചിതം.
ചില ഗൾഫ് റൂട്ടുകളിൽ മാറ്റം
ഇത്തിഹാദ് എയർവേയ്സിന്റെ അബുദാബി–കുവൈത്ത്, കുവൈത്ത്–അബുദാബി, അബുദാബി–ബഹ്റൈൻ, ബഹ്റൈൻ–അബുദാബി റൂട്ടുകളിലെ സർവീസുകൾ ബുക്കിങ് സംവിധാനത്തിൽ ലഭ്യമാണെങ്കിലും ബാധിത സർവീസുകളെല്ലാം പൂർണമായി പുനരാരംഭിക്കുന്ന തീയതി കമ്പനി സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് സർവീസ് സ്റ്റാറ്റസ് പരിശോധിക്കണം. എമിറേറ്റ്സ് വിപുലമായ ശൃംഖലയിൽ സർവീസുകൾ തുടരുന്നുണ്ടെങ്കിലും ദുബൈ–ബഹ്റൈൻ, ദുബൈ–കുവൈത്ത് റൂട്ടുകളിലെ ചില സർവീസുകളുടെ സ്ഥിതിയിൽ മാറ്റങ്ങളുണ്ടാകാം. ഔദ്യോഗിക ഫ്ലൈറ്റ് ട്രാക്കറിൽ ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് യാത്രക്കാർക്ക് നിർദേശമുണ്ട്. ഫ്ലൈദുബൈ സർവീസുകൾ തുടരുന്നുണ്ട്. എന്നാൽ വേനൽക്കാലത്തെ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർ നേരത്തെ വിമാനത്താവളത്തിലെത്തുകയും ഓൺലൈൻ ചെക്ക്-ഇൻ മുൻകൂട്ടി പൂർത്തിയാക്കുകയും വേണം.
എയർ അറേബ്യ സർവീസുകളിൽ റദ്ദാക്കലും വൈകലും
എയർ അറേബ്യയുടെ ഷാർജ, അബുദാബി എന്നിവിടങ്ങളിൽ നിന്നുള്ള ചില സർവീസുകളിൽ റദ്ദാക്കലും വൈകലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അബുദാബി–കുവൈത്ത്, കുവൈത്ത്–അബുദാബി, അബുദാബി–ബഹ്റൈൻ, ബഹ്റൈൻ–അബുദാബി റൂട്ടുകളിലെ ചില സർവീസുകൾ റദ്ദാക്കുകയോ സർവീസ് നടത്താതിരിക്കുകയോ ചെയ്തിട്ടുണ്ട്. ഷാർജ–കുവൈത്ത്, കുവൈത്ത്–ഷാർജ, ഷാർജ–ബഹ്റൈൻ, ബഹ്റൈൻ–ഷാർജ റൂട്ടുകളിലും ചില സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. മറ്റ് ചില സർവീസുകളും പുറപ്പെടാതെ തുടരുന്ന സാഹചര്യമാണ്. അതിനാൽ യാത്രയ്ക്ക് മുമ്പ് ഓരോ വിമാനത്തിന്റെയും ഏറ്റവും പുതിയ സ്ഥിതി എയർലൈൻസിന്റെ ഔദ്യോഗിക സംവിധാനത്തിൽ പരിശോധിക്കണം.
ഗൾഫ് വ്യോമയാന മേഖല സാധാരണ നിലയിലേക്ക്
അതേസമയം, മേഖലയിൽ വിമാന സർവീസുകൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനകളും ലഭിക്കുന്നുണ്ട്. ഖത്തർ എയർവേയ്സ് ബഹ്റൈൻ, കുവൈത്ത്, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ജസീറ എയർവേയ്സും കുവൈത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിച്ചു. അതേസമയം, ഒമാൻ എയർ സർവീസുകളെ സാങ്കേതിക പ്രശ്നങ്ങളും താൽക്കാലിക വ്യോമപാത നിയന്ത്രണങ്ങളും ഇപ്പോഴും ബാധിക്കുന്നുണ്ട്. ചില സർവീസുകൾ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യതയുമുണ്ട്.
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിമാന സർവീസിൽ മാറ്റമുണ്ടായാൽ അറിയിപ്പ് ലഭിക്കുന്നതിനായി എയർലൈനിൽ നൽകിയ ഫോൺ നമ്പറും മറ്റ് ബന്ധപ്പെടാനുള്ള വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കണം. ഓൺലൈൻ ചെക്ക്-ഇൻ സൗകര്യമുള്ളവർ അത് നേരത്തെ പൂർത്തിയാക്കുകയും എയർലൈൻ ആപ്പുകളിലും ഔദ്യോഗിക വെബ്സൈറ്റുകളിലും യാത്രാവിവരങ്ങൾ പരിശോധിക്കുകയും വേണം. മേഖലയിലെ സാഹചര്യം വേഗത്തിൽ മാറാൻ സാധ്യതയുള്ളതിനാൽ ടിക്കറ്റ് കൈവശമുണ്ടെന്നത് മാത്രം അടിസ്ഥാനമാക്കി യാത്ര പുറപ്പെടാതെ, വിമാനത്തിന്റെ ഏറ്റവും പുതിയ സ്റ്റാറ്റസ് ഉറപ്പാക്കിയ ശേഷം വിമാനത്താവളത്തിലേക്ക് പോകുക എന്നതാണ് അധികൃതരുടെ പ്രധാന നിർദേശം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t