ഇ-സിഗരറ്റ് ഉപയോഗിക്കുന്നവർക്ക് നിർണായക അറിയിപ്പ്; യുഎഇയിൽ പുതിയ വിലനയം വരുന്നു

യുഎഇയിൽ ഇലക്ട്രോണിക് സിഗരറ്റുകളിൽ ഉപയോഗിക്കുന്ന സ്മോക്കിങ് ലിക്വിഡുകൾക്ക് (E-liquids) കുറഞ്ഞ വിൽപ്പന വില നിശ്ചയിച്ച് സർക്കാർ. സെപ്റ്റംബർ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. വിലകുറഞ്ഞ ഉൽപ്പന്നങ്ങളുടെ അനിയന്ത്രിത വിൽപ്പന നിയന്ത്രിക്കാനും നികുതി സംവിധാനത്തിലെ സുതാര്യത ഉറപ്പാക്കാനുമാണ് നടപടി. പുതിയ ചട്ടപ്രകാരം, നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ എക്സൈസ് വിലയ്ക്ക് താഴെ ഇ-സിഗരറ്റ് ലിക്വിഡുകൾ വിൽക്കാൻ അനുവദിക്കില്ല. ഇതുവഴി എക്സൈസ് നികുതി കണക്കാക്കുന്നതിനും വിപണിയിലെ വില നിയന്ത്രിക്കുന്നതിനും ഏകീകൃത സംവിധാനം നടപ്പാക്കാനാണ് ലക്ഷ്യം. ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനും നിയമാനുസൃതമായ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി യുഎഇയുടെ എക്സൈസ് നികുതി സംവിധാനത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതിലൂടെ നികുതി വെട്ടിപ്പ് തടയാനും അനധികൃത ഉൽപ്പന്നങ്ങളുടെ വിപണനം നിയന്ത്രിക്കാനും അധികൃതർ പ്രതീക്ഷിക്കുന്നു.

ഇ-സിഗരറ്റ് ലിക്വിഡുകൾ ഇറക്കുമതി ചെയ്യുന്നവരും നിർമ്മാതാക്കളും വിതരണക്കാരും പുതിയ വിലനിർണയ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചിട്ടുണ്ട്. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ എക്സൈസ് നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ചട്ടം യുഎഇയിലെ ഇ-സിഗരറ്റ്, വേപ്പിങ് ഉൽപ്പന്നങ്ങളുടെ വിപണിയിൽ നിർണായക മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version