
സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥി പ്രവേശന നടപടികൾ കൂടുതൽ സുതാര്യവും ഏകീകൃതവുമാക്കാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA). വിദ്യാർഥികളുടെ പ്രായം, മുൻ പഠനരേഖകൾ, അക്കാദമിക് സന്നദ്ധത, വ്യക്തിഗത പഠനാവശ്യങ്ങൾ എന്നിവ പരിഗണിച്ചായിരിക്കും ക്ലാസ് നിർണയമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച്, വിദ്യാർഥിയെ ഏത് ക്ലാസിൽ പ്രവേശിപ്പിക്കണമെന്നത് ജനനത്തീയതി മാത്രം അടിസ്ഥാനമാക്കിയല്ല തീരുമാനിക്കുക. കുട്ടിയുടെ മുൻ വിദ്യാഭ്യാസ പശ്ചാത്തലം, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, പിന്തുടർന്നിരുന്ന പാഠ്യപദ്ധതി, സ്കൂളിന്റെ പ്രവേശന മാനദണ്ഡങ്ങൾ എന്നിവയും വിലയിരുത്തും. പ്രത്യേക പഠനസഹായം ആവശ്യമുള്ള കുട്ടികളുടെ സാഹചര്യങ്ങളും പ്രത്യേകം പരിഗണിക്കും.
2026–27 അധ്യയന വർഷം മുതൽ യുഎഇയിൽ നടപ്പിലാക്കിയ പുതിയ പ്രായപരിധി ചട്ടങ്ങൾക്കനുസരിച്ചാണ് ഈ മാർഗനിർദേശങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകളിൽ പ്രവേശനത്തിനുള്ള പ്രായപരിധി കണക്കാക്കുന്ന അവസാന തീയതി ഇനി ഓഗസ്റ്റ് 31-ന് പകരം ഡിസംബർ 31 ആയിരിക്കും. നിലവിൽ പഠനം തുടരുന്ന വിദ്യാർഥികളെ ഈ മാറ്റം ബാധിക്കില്ലെന്നും പുതിയ പ്രവേശനങ്ങൾക്ക് മാത്രമാണ് ഇത് ബാധകമെന്നും KHDA വ്യക്തമാക്കി.
സ്കൂളുകൾക്ക് പ്രത്യേക സാഹചര്യങ്ങളിൽ വിദ്യാർഥിയുടെ പഠനസന്നദ്ധത വിലയിരുത്തി പരിമിതമായ ഇളവുകൾ അനുവദിക്കാമെങ്കിലും, അത് KHDA നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം. രക്ഷിതാക്കൾ പ്രവേശനത്തിന് മുമ്പ് ആവശ്യമായ രേഖകൾ കൃത്യമായി സമർപ്പിക്കുകയും കുട്ടിയുടെ പ്രായവും യോഗ്യതയും സംബന്ധിച്ച ഏറ്റവും പുതിയ മാർഗനിർദേശങ്ങൾ പരിശോധിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. വിദ്യാർഥികളുടെ പ്രായത്തിനും പഠനനിലവാരത്തിനും അനുയോജ്യമായ ക്ലാസ് ലഭ്യമാക്കുകയും സ്കൂളുകൾക്കിടയിലെ പ്രവേശന നടപടികളിൽ ഏകീകരണം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പുതിയ മാർഗനിർദേശങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് KHDA അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t