പുലർച്ചെ 3.30… ‘സഹോദരാ, ഞാൻ ഇവിടെ…’ ഫോൺ നിലച്ചു; നിമിഷങ്ങൾക്കകം യുവതിയുടെ ജീവൻ രക്ഷിച്ച് ദുബായ് പൊലീസ്

പുലർച്ചെ 3.30. ദുബായ് പൊലീസിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് എത്തിയ ഒരു അടിയന്തര ഫോൺകോൾ ജീവൻ രക്ഷിക്കുന്ന ദൗത്യമായി മാറി. മറുതലക്കൽ കേട്ടത് അതീവ ക്ഷീണിതയായ ഒരു യുവതിയുടെ ശബ്ദം മാത്രം – “സഹോദരാ… ഞാൻ ആ ഇന്റർസെക്ഷനിലുണ്ട്…”. വാക്കുകൾ പൂർത്തിയാകുംമുമ്പ് ഫോൺ ബന്ധം നിലച്ചു. മൂന്ന് സെക്കൻഡിനുള്ളിൽ തന്നെ സാഹചര്യം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ കോൾ സെന്റർ ഉദ്യോഗസ്ഥൻ കൂടുതൽ വിവരങ്ങൾ തേടാൻ ശ്രമിച്ചെങ്കിലും മറുപടിയായി കേട്ടത് നേരിയ മൂളലുകൾ മാത്രം. അതും ഏതാനും നിമിഷങ്ങൾക്കകം പൂർണമായും അവസാനിച്ചു.

ഉടൻ തന്നെ യുവതിയുടെ ഫോൺ നമ്പർ ദുബായ് പൊലീസിന്റെ ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികളുടെ പ്രത്യേക ഡാറ്റാബേസിൽ പരിശോധിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് എമർജൻസി കോൾ ലൊക്കേഷൻ സിസ്റ്റം ഉപയോഗിച്ച് ഫോൺ വന്ന സ്ഥലം കണ്ടെത്തി. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിന് സമീപമുള്ള നദ്ദ് അൽ ശബ മേഖലയിലാണ് ഫോൺ സിഗ്നൽ ലഭിച്ചതെന്ന് വ്യക്തമായി. സമയം പാഴാക്കാതെ സമീപത്തുണ്ടായിരുന്ന എല്ലാ പൊലീസ് പട്രോളിംഗ് സംഘങ്ങൾക്കും സന്ദേശം കൈമാറി. പ്രധാന റോഡിൽ നിന്നുള്ള പ്രവേശനപാതകൾ കേന്ദ്രീകരിച്ച് തിരച്ചിൽ ആരംഭിക്കാൻ നിർദേശം നൽകി. ഇതിനിടെ, യുവതിയിൽ നിന്ന് എന്തെങ്കിലും ശബ്ദമോ ചലനമോ ലഭിക്കുമെന്ന പ്രതീക്ഷയിൽ കോൾ വിച്ഛേദിക്കാതെ ഓപ്പറേറ്റർ ലൈൻ തുറന്നുവെച്ചു.

അൽപസമയത്തിനകം ആദ്യ പൊലീസ് സംഘം ആളൊഴിഞ്ഞ സ്ഥലത്ത് പൂട്ടിയിട്ട നിലയിൽ കിടന്നിരുന്ന ഒരു കാർ കണ്ടെത്തി. വാഹനത്തിന്റെ ജനലിൽ ഉദ്യോഗസ്ഥർ മുട്ടുന്ന ശബ്ദം വരെ കോൾ സെന്ററിലെ ഓപ്പറേറ്റർ ലൈവ് കോളിലൂടെ കേട്ടു. പരിശോധനയിൽ ഡ്രൈവിങ് സീറ്റിൽ ബോധരഹിതയായി കിടക്കുന്ന യുവതിയെ കണ്ടെത്തി. ഉടൻ രക്ഷാസംഘം സ്ഥലത്തെത്തി വാഹനം തുറന്ന് യുവതിയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പ്രധാന റോഡിൽ നിന്ന് അകലെ മണൽ പ്രദേശത്തായിരുന്നിട്ടും രക്ഷാപ്രവർത്തകർ അതിവേഗം സ്ഥലത്തെത്തുകയായിരുന്നു.

തുടർന്നുള്ള പരിശോധനയിലാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായി കുറഞ്ഞതിനെ തുടർന്നാണ് യുവതി ബോധരഹിതയായതെന്ന് വ്യക്തമായത്. സമയോചിതമായ ഇടപെടലാണ് ഒരു ജീവൻ രക്ഷിക്കാൻ വഴിയൊരുക്കിയത്. ആശുപത്രിയിലെത്തിച്ച ശേഷം യുവതിയുടെ ആരോഗ്യനില ദുബായ് പൊലീസിലെ മുൻ ഉന്നത ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം നേരിട്ട് അന്വേഷിച്ചു. “നിങ്ങൾ സമയത്ത് എത്തിയില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല” എന്ന് യുവതി പൊലീസിനോട് നന്ദിയോടെ പറഞ്ഞു. ദാഹി ഖൽഫാൻ തമീം രചിച്ച Operations Management in Critical Incidents, Crises and Disasters എന്ന പുസ്തകത്തിലാണ് ഈ രക്ഷാപ്രവർത്തനത്തെക്കുറിച്ച് വിശദമായി പരാമർശിക്കുന്നത്.
ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ദുബായ് പൊലീസിന്റെ ‘Critical Medical Cases’ പദ്ധതിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ രോഗിയെ വേഗത്തിൽ തിരിച്ചറിയാനും ആവശ്യമായ സഹായം സമയബന്ധിതമായി എത്തിക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് അവർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version