നഷ്ടപ്പെട്ടത് തിരികെ കിട്ടുമോ? ദുബായിൽ അതും വീട്ടുപടിക്കൽ! ദുബായ് പൊലീസിന്റെ സ്മാർട്ട് സേവനം വീണ്ടും കൈയടി നേടുന്നു

ദുബായിൽ നഷ്ടപ്പെടുന്ന വിലപിടിപ്പുള്ള വസ്തുക്കൾ ഉടമകളെ കണ്ടെത്തി വീട്ടുപടിക്കൽ എത്തിച്ചുനൽകുന്ന സ്മാർട്ട് സേവനവുമായി വീണ്ടും മാതൃകയായി ദുബായ് പൊലീസ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 6,040-ലധികം നഷ്ടപ്പെട്ട വസ്തുക്കളാണ് ഉടമകൾക്ക് സുരക്ഷിതമായി തിരിച്ചുനൽകിയതെന്ന് അധികൃതർ അറിയിച്ചു. ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ മുതൽ ഉടമകൾക്ക് വൈകാരികമായി വിലപ്പെട്ട ചെറിയ ഓർമച്ചിഹ്നങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. ദുബായിൽ നിന്ന് മടങ്ങിയ വിനോദസഞ്ചാരികൾക്കും ഇനി നഷ്ടപ്പെട്ട സാധനങ്ങൾ വാങ്ങാൻ വീണ്ടും യുഎഇയിലേക്ക് എത്തേണ്ട സാഹചര്യമില്ല. ദുബായ് പൊലീസിന്റെ സ്മാർട്ട് ഡെലിവറി സംവിധാനത്തിലൂടെ ഓൺലൈനായി സമയവും സ്ഥലവും നിശ്ചയിച്ചാൽ സാധനങ്ങൾ നേരിട്ട് വീട്ടിലേക്കോ ജോലി സ്ഥലത്തേക്കോ എത്തിച്ചുനൽകും. യുഎഇയിലെ ഏഴ് എമിറേറ്റുകളിലേക്കും ഈ സേവനം ലഭ്യമാണെന്ന് പൊലീസ് വ്യക്തമാക്കി.

20 ലക്ഷം ദിർഹത്തിലേറെ വിലമതിക്കുന്ന ഡയമണ്ട് നെക്ലേസും ഏകദേശം 1.5 ലക്ഷം ദിർഹം വിലയുള്ള റോളക്സ് വാച്ചും ഉൾപ്പെടെ നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ ഉടമകൾക്ക് തിരിച്ചുനൽകിയിട്ടുണ്ടെന്ന് ലോസ്റ്റ് ആൻഡ് ഫൗണ്ട് വിഭാഗം അറിയിച്ചു. ചില കേസുകളിൽ ഉടമകൾക്ക് സാധനം നഷ്ടമായ വിവരം മനസ്സിലാകുന്നതിന് മുമ്പുതന്നെ പൊലീസ് അവരെ കണ്ടെത്തി വിവരമറിയിച്ച സംഭവങ്ങളും ഉണ്ടായതായി വിഭാഗം മേധാവി ഫസ്റ്റ് ലെഫ്റ്റനന്റ് റീം അൽ ഹൊസാനി പറഞ്ഞു.

തിരിച്ചറിയൽ രേഖകളൊന്നുമില്ലാതെ ലഭിച്ച ഒരു പഴയ മൊബൈൽ ഫോണിന്റെ ഉടമയെ കണ്ടെത്താൻ നടത്തിയ ദീർഘാന്വേഷണത്തിന് പിന്നാലെ, നന്ദി അറിയിച്ച് ഉടമ കവിത എഴുതിയതും പൊലീസ് ഇന്നും ഓർക്കുന്ന അനുഭവമാണ്. മറ്റൊരു കേസിൽ, റഷ്യൻ വിനോദസഞ്ചാരിയുടെ വിലപിടിപ്പുള്ള റോളക്സ് വാച്ചിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കാൻ ഫ്രാൻസിലെ വിൽപ്പനശാലയുമായി വരെ ബന്ധപ്പെട്ടാണ് അന്വേഷണം പൂർത്തിയാക്കിയത്.

വിലയേക്കാൾ ഓർമകൾക്ക് പ്രാധാന്യമുള്ള വസ്തുക്കളും പൊലീസ് അതേ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. വ്യക്തിപരമായ ഓർമകൾ നിറഞ്ഞ ഒരു കാപ്പിക്കപ്പിനായി പോലും പരാതി ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 2015-ൽ ആരംഭിച്ച ദുബായ് പൊലീസിന്റെ ലോസ്റ്റ് ആൻഡ് ഫൗണ്ട് സംവിധാനം ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ, വിമാനത്താവളങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി വിവിധ ഇടങ്ങളിൽ ലഭിക്കുന്ന നഷ്ടവസ്തുക്കൾ ഏകോപിപ്പിച്ച് യഥാർഥ ഉടമകളിലേക്ക് എത്തിക്കുന്ന സംവിധാനമാണ്. നിലവിൽ 1,600-ഓളം സ്ഥാപനങ്ങൾ ഈ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അതുവഴി നഷ്ടവസ്തുക്കൾ കണ്ടെത്തുന്നതും തിരികെ നൽകുന്നതും കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version