കുവൈത്തിൽ വൻ വിസാ മാറ്റം! സന്ദർശക വിസ ഇനി തൊഴിൽ/കുടുംബ വിസയാക്കാം; പുതിയ നിയമം പ്രാബല്യത്തിൽ

കുവൈത്തിൽ സന്ദർശക വിസ തൊഴിൽ വിസയിലേക്കും കുടുംബ റസിഡൻസി വിസയിലേക്കും മാറ്റാൻ അനുമതി നൽകി ആഭ്യന്തര മന്ത്രാലയം. ഇതിനായി 150 കുവൈത്തി ദിനാർ ഫീസ് ഈടാക്കും. വിദേശികളുടെ താമസനിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് പുതിയ തീരുമാനം നടപ്പാക്കിയത്. പുതിയ ഭേദഗതി ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗം’ പ്രസിദ്ധീകരിച്ചതോടെ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും പുതിയ ചട്ടം ഉടൻ നടപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പുതിയ ചട്ടപ്രകാരം, എക്സിക്യൂട്ടീവ് റെഗുലേഷനിലെ ആർട്ടിക്കിൾ 16 അനുസരിച്ച് സന്ദർശക വിസ സാധാരണ റസിഡൻസി വിസയാക്കി മാറ്റുന്നതിന് 150 ദിനാർ ഫീസ് അടയ്ക്കണം. എന്നാൽ, ഗാർഹിക തൊഴിലാളികളുടെ റസിഡൻസി വിസയിലേക്കും അതേ വിഭാഗത്തിൽപ്പെടുന്ന മറ്റ് വിസകളിലേക്കും മാറ്റം വരുത്തുന്നതിന് ഈ ഫീസ് ബാധകമല്ല. എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ആർട്ടിക്കിൾ 20 പ്രകാരമാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.

ആർക്കൊക്കെയാണ് ഈ ആനുകൂല്യം?

  1. സർക്കാർ-പൊതുമേഖല ജീവനക്കാർ
    സന്ദർശക വിസയിൽ കുവൈത്തിലെ സർക്കാർ സ്ഥാപനങ്ങളിലേക്കോ പൊതുമേഖലാ സ്ഥാപനങ്ങളിലേക്കോ ജോലിക്കായി എത്തുന്നവർക്ക് തൊഴിൽ റസിഡൻസിയിലേക്ക് മാറാം. ഇതിനായി അംഗീകൃത സർവകലാശാല ബിരുദമോ സാങ്കേതിക സ്പെഷ്യലൈസേഷനോ ഉണ്ടായിരിക്കണം.
  2. ഗാർഹിക തൊഴിലാളികൾ
    ഗാർഹിക തൊഴിലാളികൾക്കും സമാന വിഭാഗത്തിൽപ്പെടുന്നവർക്കും നിലവിലുള്ള ചട്ടപ്രകാരം റസിഡൻസി വിസയിലേക്ക് മാറാൻ അനുമതിയുണ്ട്.
  3. കുടുംബ സന്ദർശകരും ടൂറിസ്റ്റുകളും
    കുടുംബ സന്ദർശക വിസയിലോ ടൂറിസ്റ്റ് വിസയിലോ കുവൈത്തിലെത്തുന്നവർക്ക് നിബന്ധനകൾ പാലിച്ച് കുടുംബ റസിഡൻസി വിസയിലേക്ക് മാറാൻ കഴിയും.
  4. വിസ നടപടികൾ പൂർത്തിയാക്കും മുൻപ് രാജ്യം വിട്ടവർ
    തൊഴിൽ വിസയിൽ കുവൈത്തിൽ എത്തിയ ശേഷം റസിഡൻസി നടപടികൾ ആരംഭിച്ചെങ്കിലും പൂർത്തിയാകും മുൻപ് രാജ്യം വിട്ടവർക്ക്, വിദേശത്ത് ഒരു മാസത്തിൽ കൂടുതൽ താമസിച്ചിട്ടില്ലെങ്കിൽ വീണ്ടും കുവൈത്തിൽ തിരിച്ചെത്തി നടപടികൾ പൂർത്തിയാക്കി തൊഴിൽ റസിഡൻസിയിലേക്ക് മാറാം.
  5. മറ്റ് പ്രത്യേക വിഭാഗങ്ങൾ
    ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി അഫയേഴ്സിന്റെ ഡയറക്ടർ ജനറൽ നിർദേശിക്കുന്ന മറ്റ് വിഭാഗങ്ങൾക്കും ഈ ആനുകൂല്യം ബാധകമാക്കാൻ വ്യവസ്ഥയുണ്ട്.

പുതിയ തീരുമാനം സന്ദർശക വിസയിൽ കുവൈത്തിലെത്തുന്ന നിരവധി പ്രവാസികൾക്ക് റസിഡൻസി നടപടികൾ കൂടുതൽ ലളിതമാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version