
റോഡിൽ വാഹനം തകരാറിലായാൽ അത് എത്രയും വേഗം സ്ഥലത്ത് നിന്ന് സുരക്ഷിതമായ ഭാഗത്തേക്ക് മാറ്റണമെന്ന് ഗതാഗത വിഭാഗം പൊതുസമ്പർക്ക വിഭാഗം മേധാവി അബ്ദുല്ല ബൂഹസൻ മുന്നറിയിപ്പ് നൽകി. ഇത് പാലിക്കാത്ത വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി പിടിച്ചെടുക്കുകയും, വാഹന ഉടമയ്‌ക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരം സാഹചര്യങ്ങളിൽ സാധ്യമെങ്കിൽ വാഹനം റോഡിന്റെ വലതുവശത്തുള്ള സുരക്ഷിത ലെയിനിലേക്ക് മാറ്റണം. തുടർന്ന് ഹസാർഡ് ലൈറ്റുകൾ പ്രവർത്തിപ്പിക്കുകയും, മറ്റ് വാഹനയാത്രക്കാർക്ക് മുന്നറിയിപ്പായി സുരക്ഷിതമായ അകലത്തിൽ മുന്നറിയിപ്പ് ബോർഡോ റിഫ്ലക്ടീവ് ട്രയാംഗിളോ സ്ഥാപിക്കുകയും വേണമെന്ന് അധികൃതർ നിർദേശിച്ചു.
അവധി ദിവസങ്ങളിൽ സ്വന്തം വാഹനങ്ങളിൽ കരമാർഗം യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർ യാത്രയ്ക്ക് മുമ്പ് വാഹനത്തിന്റെ അറ്റകുറ്റപ്പണികളും പരിശോധനകളും പൂർത്തിയാക്കണമെന്നും ഗതാഗത വിഭാഗം ആവശ്യപ്പെട്ടു. ടയറുകൾ, ബ്രേക്കുകൾ, എൻജിൻ ഓയിൽ, കൂളന്റ് എന്നിവ പരിശോധിക്കുന്നതിനൊപ്പം വാഹന രജിസ്ട്രേഷന്റെ കാലാവധി സാധുവാണെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. അതേസമയം, രാജ്യത്തിന് പുറത്തേക്ക് കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ യാത്ര ചെയ്യുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള എല്ലാവരും വാഹനവുമായി ബന്ധപ്പെട്ട എല്ലാ ഗതാഗത പിഴകളും മുൻകൂട്ടി അടച്ചിരിക്കണം. കുടിശ്ശിക പിഴകൾ തീർത്തതിന് ശേഷമേ രാജ്യത്തിന് പുറത്തേക്ക് യാത്ര അനുവദിക്കുകയുള്ളൂവെന്നും അബ്ദുല്ല ബൂഹസൻ വ്യക്തമാക്കി.