
തിരക്കേറിയ പ്രവാസജീവിതത്തിനിടയിലും സത്യസന്ധതയും മനുഷ്യസ്നേഹവും കൈവിടാതെ മാതൃകയായിരിക്കുകയാണ് ഷാർജയിലെ ഒരു കഫറ്റീരിയ ജീവനക്കാരും ഷാർജ പൊലീസും. അബദ്ധത്തിൽ അധികമായി ലഭിച്ച 1,000 ദിർഹം മണിക്കൂറുകൾക്കകം യഥാർഥ ഉടമയെ കണ്ടെത്തി തിരികെ നൽകിയ സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തൃശൂർ ചാവക്കാട് സ്വദേശിയും പ്രവാസി ബിസിനസുകാരനുമായ ആർ. പി. സുധീറിനാണ് നഷ്ടപ്പെട്ടെന്ന് കരുതിയ പണം അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ, ഉമ്മയ്ക്ക് കുടിവെള്ളം വാങ്ങാനായി ഷാർജയിലെ അൽ ഖാസിമിയ ജങ്ഷന് സമീപമുള്ള ഒരു കഫറ്റീരിയയിൽ അദ്ദേഹം വാഹനം നിർത്തി. പോക്കറ്റിലുണ്ടായിരുന്ന അഞ്ച് ദിർഹത്തിന്റെ നോട്ടിന് പകരം, അബദ്ധത്തിൽ 1,000 ദിർഹത്തിന്റെ നോട്ട് ജീവനക്കാരന് നൽകി അദ്ദേഹം വേഗത്തിൽ യാത്ര തുടരുകയായിരുന്നു.
വീട്ടിലെത്തി പഴ്‌സ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായതായി മനസ്സിലായത്. എവിടെയാണ് നഷ്ടമായതെന്ന് ഓർത്തെടുക്കാനാകാതെ നിരാശനായി ഇരിക്കുമ്പോഴാണ് ഷാർജ പൊലീസിൽ നിന്ന് അപ്രതീക്ഷിത ഫോൺ കോൾ എത്തിയത്. ആദ്യം ആശങ്കപ്പെട്ടെങ്കിലും, കഫറ്റീരിയയിൽ അബദ്ധത്തിൽ അധികമായി നൽകിയ പണം തിരികെ വാങ്ങാൻ എത്തണമെന്ന സന്ദേശമാണ് പൊലീസ് അറിയിച്ചത്.
സിസിടിവിയും വാഹന നമ്പരും സഹായമായി
ഉപഭോക്താവ് അഞ്ച് ദിർഹത്തിന് പകരം 1,000 ദിർഹം നൽകിയെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വാഹനം സ്ഥലത്ത് നിന്ന് പോയിരുന്നു. എന്നാൽ ആ തുക കൈവശം വെക്കാൻ ജീവനക്കാർ തയ്യാറായില്ല.
കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനത്തിന്റെ നമ്പർ കണ്ടെത്തിയ ജീവനക്കാർ ഉടൻ ഷാർജ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് വാഹന ഉടമയെ കണ്ടെത്തി ബന്ധപ്പെടുകയും പണം തിരികെ ലഭ്യമാക്കുകയും ചെയ്തു.
പണം ഏറ്റുവാങ്ങാനെത്തിയ സുധീർ നന്ദിയുടെ അടയാളമായി ജീവനക്കാർക്ക് ഒരു സുഗന്ധദ്രവ്യവും സമ്മാനിച്ചു. എന്നാൽ, തങ്ങൾ ചെയ്തത് ഒരു സാധാരണ മനുഷ്യധർമ്മം മാത്രമാണെന്നും ഇതിന് മുമ്പും സമാനമായ സാഹചര്യങ്ങളിൽ ഇതേ രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും കാസർകോട് സ്വദേശിയായ ജീവനക്കാരൻ റാഷിദ് പറഞ്ഞു. പ്രവാസലോകത്ത് സത്യസന്ധതയ്ക്കും മനുഷ്യസ്നേഹത്തിനും മികച്ച മാതൃകയായി മാറിയ ഈ സംഭവം, ഷാർജ പൊലീസിന്റെയും കഫറ്റീരിയ ജീവനക്കാരുടെയും ആത്മാർഥമായ ഇടപെടലിന് നിരവധി പേരുടെ അഭിനന്ദനം നേടുകയാണ്.