വിദേശത്ത് നിയമപരമെന്ന് കരുതി ലഹരി ഉപയോഗിച്ചോ? യുഎഇയിൽ എത്തിയാൽ പണികിട്ടും; അറിയേണ്ട നിയമം

വിദേശരാജ്യങ്ങളിൽ നിയമാനുസൃതമായി ലഹരിമരുന്ന് ഉപയോഗിച്ചതാണെങ്കിലും യുഎഇയിൽ എത്തുമ്പോൾ ശരീരത്തിൽ അതിന്റെ സാന്നിധ്യം കണ്ടെത്തിയാൽ നിയമനടപടികൾ നേരിടേണ്ടി വരാമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകി. ലഹരിമരുന്ന് എവിടെ ഉപയോഗിച്ചു എന്നതല്ല, യുഎഇയുടെ നിയമപരിധിക്കുള്ളിൽ ആയിരിക്കുമ്പോൾ ശരീരത്തിൽ നിരോധിത ലഹരിവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നുണ്ടോ എന്നതാണ് പ്രധാനമെന്ന് അവർ വ്യക്തമാക്കി. യുഎഇ നിയമപ്രകാരം ശരീരത്തിൽ ലഹരിയുടെ സാന്നിധ്യം തന്നെ കുറ്റത്തിന് അടിസ്ഥാനമാകാം

‘അൽ അസം ലീഗൽ കൺസൾട്ടൻസി’യിലെ ലീഗൽ കൺസൾട്ടന്റായ സലാഹ് അൽറാഷിദിയുടെ അഭിപ്രായത്തിൽ, ലഹരിമരുന്ന് ഏത് രാജ്യത്ത് ഉപയോഗിച്ചുവെന്ന് തെളിയിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ യുഎഇയിൽ കഴിയുമ്പോൾ മെഡിക്കൽ പരിശോധനയിൽ ശരീരത്തിൽ ലഹരിവസ്തുക്കളുടെ അംശങ്ങൾ കണ്ടെത്തിയാൽ, അതിന്റെ അടിസ്ഥാനത്തിൽ തന്നെ നിയമനടപടികൾ ആരംഭിക്കാൻ അധികൃതർക്ക് അധികാരമുണ്ട്. ഇതിന് ഉദാഹരണമായി അദ്ദേഹം അടുത്തിടെ ഉണ്ടായ ഒരു സംഭവവും വിശദീകരിച്ചു. രാത്രി നടന്ന ഒരു തർക്കത്തെ തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിലാണ് യുവാവിന്റെ ശരീരത്തിൽ ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. ആ ഘട്ടത്തിൽ ലഹരി എവിടെ ഉപയോഗിച്ചു എന്നതല്ല, ഉപയോഗത്തിന്റെ തെളിവ് ലഭിച്ചതാണ് അന്വേഷണത്തിലെ പ്രധാന ഘടകമായതെന്ന് അദ്ദേഹം പറഞ്ഞു.

വിദേശത്ത് ഉപയോഗിച്ചതെന്ന വാദം നിയമപരമായി സഹായിക്കില്ല

വിദേശത്ത് ലഹരിമരുന്ന് ഉപയോഗിച്ചാൽ യുഎഇയിൽ കേസുണ്ടാകില്ലെന്ന ധാരണ തെറ്റാണെന്നും അൽറാഷിദി ചൂണ്ടിക്കാട്ടി. ഒരാൾ യുഎഇയുടെ അതിർത്തിക്കുള്ളിൽ പ്രവേശിച്ച ശേഷം ശരീരത്തിൽ നിരോധിത ലഹരിവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയാൽ അതിന്റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2021ലെ നിയമം കർശനമാണ്

‘ലോഫോർഡ് ലീഗൽ അഡ്വൈസേഴ്‌സ് LLC-FZ’ മാനേജിങ് പാർട്ണർ ഇഗോർ അബലോവും ഇതേ മുന്നറിയിപ്പാണ് നൽകുന്നത്. ലഹരിമരുന്നുകളും മനോപ്രേരക പദാർഥങ്ങളും നിയന്ത്രിക്കുന്ന 2021-ലെ ഫെഡറൽ ഡിക്രി-നിയമം നമ്പർ 30 പ്രകാരം, അംഗീകൃത മെഡിക്കൽ ആവശ്യങ്ങൾ ഒഴികെ ലഹരിമരുന്ന് ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഈ നിയമപ്രകാരം, ലഹരിമരുന്ന് എവിടെ ഉപയോഗിച്ചുവെന്നത് പരിഗണിക്കാതെ ശരീരത്തിൽ അതിന്റെ അംശങ്ങൾ കണ്ടെത്തിയാൽ തന്നെ ക്രിമിനൽ നടപടികൾക്ക് അടിസ്ഥാനമാകാമെന്ന് അദ്ദേഹം വ്യക്തമാക്കി.

മറ്റു രാജ്യങ്ങളിലെ നിയമങ്ങൾ യുഎഇയിൽ ബാധകമല്ല

കാനഡ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ കഞ്ചാവ് നിയമവിധേയമാണെങ്കിലും അതിന് യുഎഇയിൽ യാതൊരു നിയമപരമായ പ്രാധാന്യവുമില്ലെന്ന് അബലോവ് പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ നിയമാനുസൃത ഉപയോഗം ചൂണ്ടിക്കാട്ടി യുഎഇയിൽ നിയമ ഇളവ് ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഞ്ചാവ് ഉൾപ്പെടെയുള്ള ചില ലഹരിവസ്തുക്കളുടെ അംശങ്ങൾ ഉപയോഗത്തിന് ശേഷവും ആഴ്ചകളോളം മൂത്രത്തിലും മാസങ്ങളോളം മുടിയുടെ സാമ്പിളുകളിലും കണ്ടെത്താൻ കഴിയുമെന്നതിനാൽ വിദേശയാത്ര കഴിഞ്ഞ് യുഎഇയിലേക്ക് മടങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version