വെളിയിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കൂ…! യുഎഇയിൽ നാളെ മുതൽ ചൂട് കനക്കും

യുഎഇയിലെ വർഷത്തിലെ ഏറ്റവും തീവ്രമായ വേനൽക്കാല ഘട്ടമായ ‘ജംറത്ത് അൽ ഖൈത്’ (Jamrat Al Qayth) നാളെ മുതൽ ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. ഓഗസ്റ്റ് 10 വരെ, ഏകദേശം 40 ദിവസമാണ് ഈ അതിശക്തമായ ഉഷ്ണതരംഗം നീണ്ടുനിൽക്കുക. ഈ കാലയളവിൽ തീരപ്രദേശങ്ങളിൽ താപനില സാധാരണയായി 41 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയും, ഉൾനാടൻ മരുഭൂമി മേഖലകളിൽ 45 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്നാണ് മുന്നറിയിപ്പ്. ചില ദിവസങ്ങളിൽ ശക്തമായ ഉഷ്ണതരംഗത്തിന്റെ സ്വാധീനത്തിൽ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലെത്താനും സാധ്യതയുണ്ട്. കടുത്ത ചൂട് കാരണം തുറസായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെയും ലോഹനിർമിത വസ്തുക്കളുടെയും ഉപരിതല താപനില 70 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഈ കാലയളവിൽ കടുത്ത ചൂടിനൊപ്പം ‘സമൂം’ എന്നറിയപ്പെടുന്ന ചൂടും വരണ്ടതുമായ മരുക്കാറ്റും അനുഭവപ്പെടും. അതേസമയം, ഉഷ്ണതരംഗത്തിന്റെ അവസാനഘട്ടത്തിൽ അറേബ്യൻ കടലിൽ നിന്നുള്ള ഈർപ്പം വർധിക്കുന്നതോടെ ഹജർ പർവതനിരകളിൽ മേഘരൂപീകരണത്തിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും എമിറേറ്റ്‌സ് അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. വേനൽക്കാലത്തിന്റെ മൂന്ന് പ്രധാന ഘട്ടങ്ങളിൽ ഏറ്റവും കഠിനമായ കാലഘട്ടമാണ് ജംറത്ത് അൽ ഖൈത്. അതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക തുടങ്ങിയ ആരോഗ്യ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version