
പരീക്ഷ എഴുതാനായി സ്കൂളിലേക്ക് പോകുന്നതിനിടെ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ ഹൈസ്കൂൾ വിദ്യാർഥി മരിച്ചു. റാസൽഖൈമയിലെ 18-കാരനായ സലീം അൽ മസ്റൂയിയാണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. അൽ ഗൈൽ പ്രദേശത്തെ വീട്ടിൽ നിന്ന് റാസൽഖൈമയിലെ അദേൻ മേഖലയിലുള്ള സ്കൂളിലേക്ക് പരീക്ഷ എഴുതാൻ പോകുന്നതിനിടെയായിരുന്നു അപകടം. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ പ്രധാന റോഡിലേക്ക് പ്രവേശിച്ച ട്രെയിലർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മകന്റെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്ന പിതാവ് അലി റാഷിദ് അൽ മസ്റൂയി അപകടത്തിന്റെ വിവരങ്ങൾ പങ്കുവെച്ചു.
“ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കാനിരുന്ന പരീക്ഷ എഴുതാനാണ് മകൻ വീട്ടിൽ നിന്ന് പുറപ്പെട്ടത്. സുഹൃത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപ്പോഴാണ് വലതുവശത്ത് നിന്ന് ഒരു ട്രെയിലർ ട്രക്ക് പെട്ടെന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ചത്. അപകടം ഒഴിവാക്കാൻ ഡ്രൈവർ പരമാവധി ശ്രമിച്ചെങ്കിലും കാർ ട്രെയിലറിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ സലീം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കാർ ഓടിച്ചിരുന്ന സുഹൃത്തിന് ഇടുപ്പ്, കഴുത്ത്, കൈ എന്നിവയ്ക്ക് ഗുരുതര പരിക്കുകളും ഒടിവുകളും സംഭവിച്ചു. ആദ്യം നില ഗുരുതരമായിരുന്നെങ്കിലും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കണ്ണീരിൽ സ്കൂളും നാടും
പഠനത്തിലും പെരുമാറ്റത്തിലും മാതൃകയായിരുന്ന സലീമിന്റെ വേർപാട് കുടുംബത്തെയും സഹപാഠികളെയും അധ്യാപകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. സഹായ മനോഭാവവും വിനയവും കൊണ്ടാണ് സലീം എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നതെന്ന് അധ്യാപകരും സുഹൃത്തുക്കളും ഓർക്കുന്നു. “അവൻ കഠിനാധ്വാനിയായ വിദ്യാർഥിയായിരുന്നു. എല്ലാവരോടും ബഹുമാനത്തോടെയും സ്നേഹത്തോടെയും പെരുമാറുമായിരുന്നു. അനുശോചനം അറിയിക്കാൻ വീട്ടിലെത്തിയ അധ്യാപകരിൽ പലരും മകനെ ഓർത്ത് കരഞ്ഞു,” പിതാവ് അലി റാഷിദ് അൽ മസ്റൂയി കണ്ണീരോടെ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t
‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും
ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.
ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t