വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനെ അപമാനിച്ച ഇന്ത്യക്കാരനെതിരെ കടുത്ത നടപടി

സിംഗപ്പൂർ എയർലൈൻസ് വിമാനത്തിലെ വനിതാ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ സ്വദേശിക്ക് ആറുമാസം തടവ് ശിക്ഷ. ബാങ്കോക്കിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. 35 കാരനായ ഇന്ത്യൻ സ്വദേശി ആകാശ് തിവാരിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി സിംഗപ്പൂർ കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഫെബ്രുവരി 9-ന് നടന്ന സംഭവത്തിൽ, ലൈംഗിക പീഡനവും അപമാനകരമായ പെരുമാറ്റവും നടത്തിയതായി ആകാശ് തിവാരി കോടതിയിൽ കുറ്റസമ്മതം നടത്തി. വിമാനത്തിലെ വനിതാ എയർ ഹോസ്റ്റസിനെതിരെ ഇയാൾ നടത്തിയ തുടർച്ചയായ അതിക്രമങ്ങളും ഭീഷണിപ്പെടുത്തുന്ന പെരുമാറ്റവുമാണ് കേസിന് ആധാരമായത്. തിവാരി നാല് സുഹൃത്തുക്കൾക്കൊപ്പമാണ് യാത്ര ചെയ്തിരുന്നത്. വിമാനം പുറപ്പെടുന്നതിന് മുൻപുതന്നെ സംഘം വിമാന ജീവനക്കാരിയെ പരിഹസിക്കുകയും അസ്വസ്ഥയാക്കുകയും ചെയ്തതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഭക്ഷണ ഓർഡർ എടുക്കാനെത്തിയ ജീവനക്കാരിയുടെ കാലിൽ തിവാരി കൈകൊണ്ട് സ്പർശിക്കുകയും തുടർന്ന് സുഹൃത്തുക്കളോടൊപ്പം ഉറക്കെ ചിരിക്കുകയും ചെയ്തു.

സംഭവം മേലധികാരികളെ അറിയിച്ചതിനെ തുടർന്ന് ജീവനക്കാരിയെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും യാത്രയ്ക്കിടെ വീണ്ടും അതിക്രമം ആവർത്തിച്ചു. ഭക്ഷണ ട്രേകൾ ശേഖരിക്കുന്നതിനിടെ തിവാരി തന്റെ കൈമുട്ട് ഉപയോഗിച്ച് ജീവനക്കാരിയുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെ തുടർന്ന് ചീഫ് സ്റ്റുവാർഡസും ജീവനക്കാരിയും ചേർന്ന് തിവാരിയെ ചോദ്യം ചെയ്തെങ്കിലും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇയാൾ വാദിച്ചത്. സംഭവത്തെ പരിഹസിച്ചുകൊണ്ട് തിവാരിയുടെ സുഹൃത്തുക്കളിൽ ഒരാൾ “ഈ ഷോ കാണാൻ ഒരു ബിയർ വേണം” എന്ന് പറഞ്ഞ് ചിരിച്ചതായും കോടതിയിൽ വെളിപ്പെടുത്തി.

വിമാനം സിംഗപ്പൂരിൽ ഇറങ്ങുന്നതിന് മുൻപ് സ്ഥിതി കൂടുതൽ ഗുരുതരമായി. അടുക്കള ഭാഗത്തേക്ക് പോയ ജീവനക്കാരിയെ തിവാരി പിന്തുടരുകയും, മാറിനിൽക്കാൻ ആവശ്യപ്പെട്ടിട്ടും നിരന്തരം അടുത്തുവരാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഭയന്ന ജീവനക്കാരി ഉറക്കെ പ്രതികരിക്കുകയും പിന്നീട് കരഞ്ഞുകൊണ്ട് മേലധികാരികളുടെ സഹായം തേടുകയും ചെയ്തു. സംഭവത്തെ തുടർന്ന് ചീഫ് സ്റ്റുവാർഡസ് വിമാന ക്യാപ്റ്റനെ വിവരം അറിയിച്ചു. ചാങ്കി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ ഉടൻ കേസ് അധികൃതർക്ക് കൈമാറുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇരയായ ജീവനക്കാരി കടുത്ത മാനസിക വിഷമവും ഭയവും അനുഭവിച്ചതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. കുറ്റസമ്മതം നടത്തിയ പ്രതിക്ക് സിംഗപ്പൂർ കോടതി ആറുമാസം തടവ് ശിക്ഷ വിധിക്കുകയായിരുന്നു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version