
കുവൈറ്റ് സിറ്റി: രാജ്യത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത മുൻനിർത്തി ഊർജ്ജ വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതിയുമായി കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം (MEWRE). ഇതിന്റെ ഭാഗമായി ഈ സാമ്പത്തിക വർഷത്തിൽ 31 പുതിയ പ്രധാന ട്രാൻസ്ഫോർമർ സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
വർദ്ധിച്ചുവരുന്ന ജനസംഖ്യയും പുതിയ പാർപ്പിട പദ്ധതികളുടെ നിർമ്മാണവും കണക്കിലെടുത്താണ് ഹൈ-വോൾട്ടേജ്, എക്സ്ട്രാ ഹൈ-വോൾട്ടേജ് ട്രാൻസ്മിഷൻ നെറ്റ്‌വർക്കുകൾ വിപുലീകരിക്കുന്നത്. കടുത്ത വേനൽക്കാലത്തെ ഉയർന്ന വൈദ്യുതി ഉപഭോഗവും മറ്റ് പ്രവർത്തന വെല്ലുവിളികളും നേരിടാൻ പ്രാപ്തമാകുന്ന രീതിയിൽ ദേശീയ വൈദ്യുതി ഗ്രിഡ് നവീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതോടൊപ്പം, വൈദ്യുതി വിതരണ ശൃംഖലകളുടെ പ്രവർത്തനത്തിനും അറ്റകുറ്റപ്പണികൾക്കുമായി സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് (CAPT) അടുത്തിടെ ടെൻഡർ ക്ഷണിച്ചിരുന്നു. ഇതിലേക്ക് ആറ് കമ്പനികളാണ് ബിഡ് സമർപ്പിച്ചിട്ടുള്ളത്. നിലവിൽ മന്ത്രാലയത്തിന്റെ വിലയിരുത്തലിലുള്ള ഇവയുടെ സാങ്കേതിക പരിശോധനകൾ 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് വിവരം.