
കുവൈറ്റിലെ അൽ സൂർ ബീച്ചിൽ കുടുംബത്തോടൊപ്പം കടലിൽ നീന്താനിറങ്ങിയ 11 വയസ്സുകാരിക്ക് സ്രാവിന്റെ ആക്രമണത്തിൽ പരിക്ക്. വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടി കടലിൽ കളിച്ചുകൊണ്ടിരിക്കെ ചെറിയ ഇനത്തിൽപ്പെട്ട ‘റീഫ് ഷാർക്ക്’ (Reef Shark) വിഭാഗത്തിലുള്ള സ്രാവ് ആക്രമിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ രക്ഷപ്പെടുത്തി. സംഭവം ബീച്ചിലുണ്ടായിരുന്ന മറ്റ് സന്ദർശകർക്കിടയിൽ വലിയ പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ അടിയന്തരവിഭാഗം ആംബുലൻസ് സംഘം പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് അധികൃതർ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നതിനെക്കുറിച്ചോ ആക്രമിച്ച സ്രാവിനെക്കുറിച്ചോ ഉള്ള ഔദ്യോഗിക വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.