
വേനൽക്കാലത്ത് വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിനായി കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയം കുറയ്ക്കാനുള്ള നിർദേശത്തിന് സിവിൽ സർവീസ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചതായി റിപ്പോർട്ട്. അൽ റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ നിർദേശപ്രകാരം വേനൽക്കാലത്തെ മൂന്ന് മാസങ്ങളിൽ സർക്കാർ കാര്യാലയങ്ങളിലെ ജോലി സമയം ഏഴ് മണിക്കൂറിൽ നിന്ന് ആറു മണിക്കൂറായി ചുരുക്കും. രാജ്യത്ത് ഉയരുന്ന വൈദ്യുതി ആവശ്യകതയും കനത്ത ചൂടും പരിഗണിച്ചാണ് ഈ മുൻകരുതൽ നടപടി സ്വീകരിക്കുന്നത്.
വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് അധികൃതർ നടപടികൾ ശക്തമാക്കുന്നത്. ഇതിന് മുൻപായി ഉച്ചയ്ക്ക് 11 മണി മുതൽ വൈകിട്ട് 5 മണിവരെ ഫാക്ടറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കണമെന്ന് വ്യവസായ മന്ത്രാലയം നിർദേശിച്ചിരുന്നു.
രാജ്യത്തെ വൈദ്യുതി ശൃംഖലയിലെ സമ്മർദം കുറയ്ക്കുകയും വേനൽക്കാലത്തെ ഉപഭോഗം നിയന്ത്രിക്കുകയും ചെയ്യുന്നതാണ് പുതിയ നടപടികളുടെ പ്രധാന ലക്ഷ്യമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.