പേപ്പറുകൾക്ക് വിട, ഡിജിറ്റലിന് സ്വാഗതം! കുവൈത്തിൽ സർക്കാർ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ!

പൊതുജന സേവനങ്ങൾ കൂടുതൽ ലളിതവും വേഗതയേറിയതുമായ രീതിയിൽ ലഭ്യമാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ പേപ്പർലെസ് സേവന പദ്ധതിക്ക് തുടക്കമിട്ടു. സഹേൽ (Sahel) ആപ്പ്, സിറ്റിസൺ സർവീസ് സെന്ററുകൾ, ഡ്രൈവ്-ത്രൂ സൗകര്യങ്ങൾ എന്നിവയിലൂടെ ഇനി മന്ത്രാലയ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് മനുഷ്യാവകാശ പ്രവർത്തകൻ സുൽത്താൻ നായിഫ് അൽ-അദ്വാനി പദ്ധതിയുടെ വിശദാംശങ്ങൾ പങ്കുവെച്ചത്. സഹേൽ ആപ്പിലൂടെ ഭൂരിഭാഗം സർക്കാർ സേവനങ്ങളും ഡിജിറ്റൽ രീതിയിൽ ഒരു ക്ലിക്കിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സാങ്കേതിക വിദ്യ ഉപയോഗിക്കാൻ പരിചയമുള്ളവർക്ക് അപേക്ഷകളും നടപടികളും മൊബൈൽ ഫോണിലൂടെ തന്നെ പൂർത്തിയാക്കാനാകുന്നതിനാൽ രേഖകൾ അച്ചടിക്കേണ്ട സാഹചര്യം കുറയും. സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യവും സമയലാഭമുള്ളതുമാക്കാനാണ് ഈ നീക്കം.
അതേസമയം, നവീകരിച്ച സിറ്റിസൺ സർവീസ് സെന്ററുകൾ വഴി താമസസ്ഥലത്തിന്റെ പരിധി നോക്കാതെ രാജ്യത്തെ ഏത് കേന്ദ്രത്തിൽ നിന്നും പൗരന്മാർക്കും പ്രവാസികൾക്കും സേവനം ലഭ്യമാകും. ഓരോ ഗവർണറേറ്റിലും കുറഞ്ഞത് ഒരു ഡ്രൈവ്-ത്രൂ സർവീസ് സെന്റർ വീതം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ സേവനങ്ങൾ പൂർത്തിയാക്കാൻ ഈ സൗകര്യം സഹായകരമാകും. രേഖകളുടെ അച്ചടി കുറയ്ക്കുന്നതിലൂടെ സർക്കാർ സംവിധാനങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനുമാണ് ലക്ഷ്യം. സർക്കാർ സേവനങ്ങളെ ആധുനികവത്കരിക്കുകയും നടപടിക്രമങ്ങളിലെ കാലതാമസം കുറയ്ക്കുകയും ചെയ്യുന്നതിനുള്ള വിപുലമായ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഈ പദ്ധതിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy