
ഹോർമൂസ് കടലിടുക്കിനുള്ള ആശ്രയം കുറയ്ക്കാൻ യൂറോപ്പിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള പുതിയ കര-ജല വ്യാപാര പാതയ്ക്ക് തുടക്കം. യൂറോപ്യൻ തുറമുഖങ്ങളിൽ നിന്ന് ചെങ്കടൽ വഴിയുള്ള കപ്പൽ സർവീസും സൗദിക്കുള്ളിലെ കരമാർഗ ചരക്ക് ഗതാഗതവും സംയോജിപ്പിച്ചാണ് പുതിയ ലോജിസ്റ്റിക് ശൃംഖല രൂപീകരിക്കുന്നത്. ലോകത്തിലെ പ്രമുഖ കണ്ടെയ്നർ ഷിപ്പിങ് കമ്പനിയായ എംഎസ്സിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. യൂറോപ്പിൽ നിന്ന് പുറപ്പെടുന്ന കപ്പലുകൾ ജിദ്ദ ഇസ്ലാമിക് പോർട്ടിലും റാബിഗിലെ കിങ് അബ്ദുല്ല തുറമുഖത്തിലും എത്തിച്ചേരും. അവിടെ നിന്നുള്ള ചരക്കുകൾ കരമാർഗം ദമാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തിലേക്ക് മാറ്റും. തുടർന്ന് ഫീഡർ കപ്പലുകൾ വഴി യുഎഇ ഉൾപ്പെടെയുള്ള അറേബ്യൻ ഗൾഫ് രാജ്യങ്ങളിലെ വിവിധ തുറമുഖങ്ങളിലേക്ക് ചരക്കുകൾ എത്തിക്കാനാണ് പദ്ധതി.
പോളണ്ടിലെ ഗഡാൻസ്‌ക്, ജർമനിയിലെ ബ്രെമർഹാവൻ, ബെൽജിയത്തിലെ ആന്റ്വെർപ്, സ്പെയിനിലെ വലൻസിയയും ബാഴ്സലോണയും, ഇറ്റലിയിലെ ജിയോയ ടൗറോ എന്നിവിടങ്ങളിൽ നിന്നാണ് സർവീസ് ആരംഭിക്കുക. 16,000 സ്റ്റാൻഡേർഡ് കണ്ടെയ്നറുകൾ വരെ വഹിക്കാൻ കഴിയുന്ന വലിയ ചരക്ക് കപ്പലുകളായിരിക്കും ഇതിനായി വിന്യസിക്കുക. സൗദിയെ മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി ഉയർത്തുകയെന്ന ദേശീയ ഗതാഗത-ലോജിസ്റ്റിക് തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം. വിതരണ ശൃംഖല കൂടുതൽ സുരക്ഷിതമാക്കുകയും മേഖലയിൽ ചരക്ക് ഗതാഗത ശേഷി വർധിപ്പിക്കുകയും ചെയ്യുക എന്നതും ലക്ഷ്യങ്ങളിലുണ്ട്. ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്കും നേരിട്ടുള്ള കടൽ ചരക്ക് ഗതാഗതത്തിന് സാധ്യതയുണ്ടെങ്കിലും, ഉയർന്ന ചെലവ് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.