ഇറാൻ ഭീഷണിക്കെതിരെ ഗൾഫ് സുരക്ഷാകവചം: സംയുക്ത സൈനിക നീക്കത്തിന് ഒരുങ്ങി ജിസിസി

മാറുന്ന ആഗോള രാഷ്ട്രീയ ക്രമത്തിൽ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ ശക്തമാക്കാൻ ലക്ഷ്യമിട്ട് ഒരു ‘സംയുക്ത പ്രതിരോധ സേന’ രൂപീകരിക്കണമെന്ന സുപ്രധാന നിർദ്ദേശം നയതന്ത്ര മേഖലയിൽ സജീവമാകുന്നു. ദുബായ് പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ഇറാൻ വെടിനിർത്തലിന് ശേഷമുള്ള ഗൾഫിന്റെ ഭാവി’ എന്ന വിഷയത്തിലുള്ള സംവാദത്തിലാണ് മേഖലയുടെ സുരക്ഷാ നയങ്ങൾ അഴിച്ചുപണിയണമെന്ന ആവിശ്യം ശക്തമായത്. ഇറാൻ പിന്തുണയുള്ള സ്ലീപ്പർ സെല്ലുകളും വ്യാജവാർത്താ പ്രചരണങ്ങളും ജിസിസി രാജ്യങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കം.

ബഹ്‌റൈൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അസ്ഥിരതയുണ്ടാക്കാൻ ഇറാൻ അനുകൂല സംഘങ്ങൾ കാലങ്ങളായി ശ്രമിക്കുന്നുണ്ടെന്ന് പ്രമുഖ മാധ്യമപ്രവർത്തക സൗസൻ അൽ ഷാഇർ ചൂണ്ടിക്കാട്ടി. നയതന്ത്രപരമായ അനുനയ നീക്കങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ, കർശനമായ നിയമനിർമ്മാണത്തിലൂടെയും യോജിച്ച സൈനിക നീക്കത്തിലൂടെയും ഈ ശൃംഖലകളെ തകർക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ഗൾഫ് മേഖല ഒരേസമയം രണ്ട് തരത്തിലുള്ള യുദ്ധ സാഹചര്യങ്ങളെയാണ് നേരിടുന്നതെന്ന് കുവൈത്ത് മാധ്യമപ്രവർത്തകൻ മുഹമ്മദ് അൽ മുല്ല നിരീക്ഷിച്ചു. വിദേശത്ത് താമസിക്കുന്ന ഗൾഫ് യുവാക്കളെ തീവ്ര ആശയങ്ങളിലേക്ക് ആകർഷിക്കുന്ന ആഭ്യന്തര വെല്ലുവിളിയും, ഇറാന്റെ നേരിട്ടുള്ള സൈനിക ഭീഷണിയെന്ന ബാഹ്യ വെല്ലുവിളിയുമാണ് ഇവ. ഇതിനെ ചെറുക്കാൻ പൗരന്മാരുടെ പ്രതിബദ്ധത വർധിപ്പിക്കുകയും യുവാക്കളെ വിദേശ സ്വാധീനങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഓരോ രാജ്യവും വ്യക്തിഗതമായി സുരക്ഷയിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും, മേഖലയുടെ അഖണ്ഡതയ്ക്കായി ഒരു ‘സംയുക്ത പ്രതിരോധ കവചം’ എന്ന ആശയത്തിനാണ് ചർച്ചയിൽ മുൻഗണന ലഭിച്ചത്.

സൈബർ ഇടങ്ങളിലെ കുപ്രചരണങ്ങളെ നേരിടാൻ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ടെന്നും സംവാദം വിലയിരുത്തി. വ്യാജവാർത്തകൾ തടയാൻ ജിസിസി രാജ്യങ്ങൾക്കായി പ്രത്യേക ‘മീഡിയ കോഡ് ഓഫ് ഓണർ’ രൂപീകരിക്കണം. വ്യാജ വെബ്സൈറ്റുകൾക്കെതിരെ യുഎഇ പബ്ലിക് പ്രോസിക്യൂഷൻ സ്വീകരിക്കുന്ന കർശന നിലപാടുകൾ മാതൃകയാക്കി, കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലൂടെ മാത്രമേ ആധുനിക കാലത്തെ സൈബർ യുദ്ധങ്ങളിൽ വിജയിക്കാൻ കഴിയൂ എന്നും മുഹമ്മദ് അൽ മുല്ല ഓർമ്മിപ്പിച്ചു. ജിസിസിയിലെ പ്രമുഖ നയതന്ത്ര വിദഗ്ധരും മാധ്യമപ്രവർത്തകരും പങ്കെടുത്ത ഈ സംവാദം മേഖലയുടെ ഭാവി സുരക്ഷാ നയങ്ങളിൽ വലിയ മാറ്റങ്ങൾക്കുള്ള സൂചനയാണ് നൽകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി.

ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version